എറണാകുളം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നൂതന പഴവർഗങ്ങളെക്കുറിച്ചും അവയുടെ കൃഷി രീതികളെക്കുറിച്ചും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം കാർഷിക ബ്ലോക്കിന് കീഴിൽ വരുന്ന കൃഷിഭവനുകളിലെ കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമായി നടത്തിയ പരിപാടി ഏറെ അറിവുകൾ സമ്മാനിക്കുന്നതായിരുന്നു.
വ്യത്യസ്തവും നൂതനവുമായ കൃഷി രീതികളിലൂടെ കൂടുതൽ ഉൽപാദനവും അതുവഴി വരുമാനവും കർഷകർക്ക് ഉണ്ടാക്കാൻ കഴിയും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു.
കോതമംഗലം ബ്ലോക്കിലെ നിരവധി കർഷകർ പഴവർഗ്ഗ കൃഷികൾ നടത്തി വരുന്നുണ്ട്. അത്തരം കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പുത്തൻ കൃഷി അറിവുകളും പരിശീലനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് തല പരിശീലനത്തിന് പുറമേ വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പരിപാടി സംഘടിപ്പിക്കുമെന്ന് കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തോമസ്, ജെയിംസ് കോറമ്പേൽ, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിഷ മോൾ ഇസ്മായിൽ, ടി.കെ കുഞ്ഞുമോൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments