ഇനി വീട് വെക്കാനും വാങ്ങാനുമുള്ള ചെലവ് കൂടും. കോവിഡ്' താറുമാറാക്കിയ വിപണിയിൽ സർവകാല താഴ്ചയിലായിരുന്ന വസ്തു വില, ഉയർന്ന ഡിമാൻഡും നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും കാരണം കൂടി വരികയായിരുന്നു. കേരളത്തിൽ ഭൂമി വില കൂടി കണക്കിലെടുത്ത് കെട്ടിട നികുതി പരിഷ്കരിക്കാനുള്ള തീരുമാനവും വീട് വെക്കുന്നവരുടെയും വാങ്ങുന്നവരുടെയും ചെലവ് വർധിപ്പിക്കും.
കുറഞ്ഞ പലിശ നിരക്കും വിവിധ സംസ്ഥാനങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ വരുത്തിയ ഇളവുകളും അതിനു പുറമെ ബിൽഡർമാർ നൽകിയ ഡിസ്കൗണ്ടുകളുമൊക്കെയാണ് റിയൽ എസ്റ്റേറ്റ് മേഖല കോവിഡിൽ നിന്ന് തിരിച്ചുവരാൻ വഴിയൊരുക്കിയിരുന്നത്. അതിൽ കുറഞ്ഞ പലിശ നിരക്ക് എന്ന ആകർഷണം ഇല്ലാതാകുകയാണ്. നിരക്ക് വർധിക്കുന്നതോടെ ഭവന വായ്പയുടെ ചെലവ് കൂടും. ആദ്യമായി വീട് വെക്കുന്നവരും വാങ്ങുന്നവരും തങ്ങളുടെ തീരുമാനം മാറ്റാനുള്ള സാധ്യതയും ഇത് മുന്നിൽ വെക്കുന്നു.
സഹകരണ ബാങ്കുകൾക്ക് നൽകാവുന്ന ഭവനവായ്പ്പയുടെ അളവ് ഇരട്ടിയാക്കിക്കൊണ്ട് റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും പട്ടണങ്ങളിലും റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ വർധന വരുത്തിയിട്ടുണ്ട്. കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റവും ദൗർലഭ്യവുമാണ് ഈ മേഖല നേരിടുന്ന മറ്റൊരു പ്രശ്നം. അത് ആത്യന്തികമായി വില വർധിക്കാൻ ഇടയാക്കുമെന്നും കരുതുന്നു.
കേരളത്തിൽ മുമ്പ് 3000ത്തിലേറെ കരിങ്കൽ ക്വാറി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 600 ഓളം മാത്രമാണ് പ്രവർത്തിക്കുന്നത്. പകരംവെക്കാൻ മറ്റൊരു വസ്തു ഇല്ലാത്തതു കൊണ്ടു തന്നെ മെറ്റിലടക്കമുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ ക്ഷാമം നിർമാണ മേഖലയെ വൻതോതിൽ ബാധിക്കുന്നുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ ഒരറ്റത്തു കിടക്കുന്ന പ്രദേശം എന്ന നിലയിൽ കേരളത്തിൽ സിമന്റ് അടക്കമുള്ള എല്ലാ വസ്തുക്കൾക്കും വില കൂടുതലാണ്.
അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും ഇവിടെ എത്തിക്കാനുള്ള ചരക്കു കൂലിയാണ് പ്രശ്നം. നിലവിൽ 2300-2500 രൂപ ചതുരശ്രയടിക്ക് ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി 3700 വരെ വില ഉയരാനുള്ള സാധ്യത ഉണ്ടെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള എസ്ഐ പ്രോപ്പർട്ടീസിന്റെ മാനേജിംഗ് ഡയറക്ടർ എസ്എൻ രഘുചന്ദ്രൻ നായർ പറയുന്നു.
രാജ്യത്ത് വീടുകളുടെ ആവശ്യം വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ വില കൂട്ടാൻ ബിൽഡർമാർ ഒരുങ്ങും. അടുത്ത ഒരു വർഷം കൊണ്ട് വിലയിൽ 7.5 ശതമാനം വർധന ഉണ്ടാകാമെന്നാണ് പ്രോപ്പർട്ടി അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
Share your comments