 
            കോട്ടയം: മണ്ണുസംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുഴിമ്പള്ളി-ഇളംപ്ലാശേരി ലാൻഡ് സ്ലൈഡ് സ്റ്റെബിലൈസേഷൻ പദ്ധതിയുടെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച കാർഷിക സെമിനാറും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ.
സർക്കാർ മണ്ണുസംരക്ഷണത്തിനായി ആവിഷ്‌ക്കരിക്കുന്ന പദ്ധതികൾ വിജയിക്കണമെങ്കിൽ ഈ പ്രവർത്തനങ്ങളിൽ ജനങ്ങൾ പങ്കാളികളായി കർത്തവ്യം കൂടി നിർവഹിക്കണം. ഉദ്യോഗസ്ഥർക്കൊപ്പം ജനങ്ങളും സജീവമായി പങ്കാളികളാകണമെന്നും എം.എൽ.എ. പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: സംരക്ഷിക്കണം മണ്ണിന്റെ ആരോഗ്യം
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ കാർഷികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതി ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരനും സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, ഗ്രാമപഞ്ചായത്തംഗം മിനിമോൾ ബിജു, മണ്ണുപര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ പി. രമേഷ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ ആശാ ദേവദാസ്, അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, പദ്ധതി കൺവീനർ എം.ആർ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. ‘ഉരുൾപൊട്ടൽ വസ്തുതകളും നിവാരണ മാർഗങ്ങളും’ എന്ന വിഷയത്തിൽ ആർ.എസ്.എ.എൽ. സീനിയർ കെമിസ്റ്റ് എൻ.വി. ശ്രീകല ക്ലാസെടുത്തു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments