കാർഷിക വ്യവസായ രംഗത്ത് പുരോഗതി കൈവരിക്കാൻ പുതിയ ആപ്പ് പുറത്തിറക്കി ഐടിസി ലിമിറ്റഡ്. കർഷകർക്ക് ഡിജിറ്റൽ വ്യവസായ രംഗത്ത് പുതിയ സാധ്യതകൾ തുറന്നു കൊടുക്കുന്നതിനാണ് കൊൽക്കത്ത ആസ്ഥാനമായ കമ്പനി തങ്ങളുടെ സൂപ്പർ ആപ്പായ ITC മെറ്റാ മാർക്കറ്റ് ഫോർ അഡ്വാൻസ്ഡ് അഗ്രികൾച്ചറൽ സർവീസസ് (ITC MAARS) പുറത്തിറക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ: ആവാസ് അപകട ഇൻഷുറൻസ്: രജിസ്റ്റർ ചെയ്തത് 5 ലക്ഷത്തിലധികം പേർ
ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ ഉൽപന്ന വിഭാഗങ്ങളിലെ 40,000-ത്തിലധികം കർഷകരെ ഉൾപ്പെടുത്തി 200-ലധികം കർഷക ഉൽപാദക സംഘടനകളെ (Farmer Produce Organization - FPO) ആപ്പിന്റെ ഭാഗമാക്കി ഏഴ് സംസ്ഥാനങ്ങളിലാണ് ആപ്പ് ലോഞ്ച് ചെയ്തത്. എന്നാൽ 4,000 സംഘടനകളിൽ നിന്നുള്ള 10 ദശലക്ഷം കർഷകരിലേക്കും 20 മൂല്യ ശൃംഖലകളിലേക്കും ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കുകയാണ് ഐടിസിയുടെ ലക്ഷ്യം.
ITC MAARS - പ്രത്യേകതകൾ
കാർഷിക വ്യവസായ വളർച്ചയ്ക്കുള്ള ശാസ്ത്രീയ നിർദേശം നൽകുക, വിള കലണ്ടർ സംവിധാനം, കർഷകർക്കുള്ള സംശയങ്ങൾക്ക് തത്സമയം പരിഹാരം നൽകാൻ ക്രോപ് ഡോക്ടർ, മാർക്കറ്റ് ലിങ്കേജുകൾ, മണ്ണ് പരിശോധന, മികച്ച കൃഷി തുടങ്ങിയവ ആപ്പിന്റെ പ്രത്യേകതകളാണ്.
പ്രീ-അപ്രൂവ്ഡ് ലോണുകൾ പോലുള്ള സേവനങ്ങൾ ആപ്പ് വഴി ഐടിസി ലഭ്യമാക്കുന്നു. വൈകാതെ തന്നെ മറ്റ് സേവനങ്ങൾക്കൊപ്പം ഇൻഷുറൻസും നൽകുമെന്നാണ് സൂചന.
"ഇന്ത്യയിൽ ഏകദേശം 140 ദശലക്ഷം കർഷകരുണ്ട്. ഉൽപാദനം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാൻ ഇവരെ ഒരുമിച്ച് കൊണ്ടുവരണം. എഫ്പിഒകളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ഇടപെടലും നയങ്ങളും ദീർഘവീക്ഷണമുള്ളതാണ്. അതിനെ ഐടിസി പ്രയോജനപ്പെടുത്തുന്നു”, ഐടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് പുരി അറിയിച്ചു.
“ഓരോ വർഷവും 4 ദശലക്ഷം ടൺ ധാന്യങ്ങൾ സംഭരിക്കാനും ക്രമേണ അത് വർധിപ്പിക്കാനും ഐടിസി ഉദ്ദേശിക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ കാർഷിക ഉൽപന്നങ്ങളുടെ വ്യവസായ മൂല്യം ഉയർത്തുകയും ചെയ്യാൻ സാധിച്ചാൽ അത് സൂപ്പർ ആപ്പിന്റെ വലിയ വിജയമായിരിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
Share your comments