ചേര്‍ത്തല :മുട്ടയ്ക്ക് വിപണനസൗകര്യം ഇല്ലാതെ പ്രതിസന്ധിയിലായ മാരാരിക്കുളത്തെ കോഴികര്‍ഷകര്‍ക്ക് പ്രതീക്ഷയേകി സര്‍ക്കാരും കര്‍ഷക സംഘടനയും രംഗത്ത്. നാടന്‍ കോഴിമുട്ട കര്‍ഷകരില്‍നിന്ന് ശേഖരിച്ച് വില്‍ക്കാന്‍ ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ക്ക് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. പ്രതിസന്ധി നേരിടുന്ന വിവരം മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഫോണിലൂടെയുള്ള കര്‍ഷകരുടെ പരാതി പരിഹാര പരിപാടിക്കിടെയാണ് കോഴികര്‍ഷകരുടെ പ്രതിസന്ധി കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കേരള പൗള്‍ട്രി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനോജാണ് മന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ് എംഡിയ്ക്ക് അപ്പോള്‍തന്നെ ഇടപെടലിന് മന്ത്രി നിര്‍ദേശം നല്‍കി.
ഇതോടൊപ്പം കേരള പൗള്‍ട്രി അസോസിയേഷന്‍ കര്‍ഷകരില്‍നിന്ന് മുട്ട വാങ്ങുന്നതിനും സംഘടനയുടെ ശൃംഖലയിലൂടെ വില്‍ക്കുന്നതിനും തീരുമാനിച്ചു. തിങ്കളാഴ്ച സംഭരണവും വിതരണവും ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജോയി പറഞ്ഞു. മാരാരിക്കുളത്ത് നിന്ന് സംഭരിക്കുന്ന മുട്ട തിരുവനന്തപുരം വരെ പ്രത്യേക വാഹനത്തില്‍ വിറ്റഴിക്കും. കൂടാതെ ആലപ്പുഴയില്‍ സംഘടന ഔട്ട്‌ലെറ്റ് തുറക്കുകയും ചെയ്യും. കോഴിയും കോഴിമുട്ടയും ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാക്കും. കര്‍ഷകര്‍ക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
മുട്ടഗ്രാമം പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ കോഴിമുട്ട വില്‍ക്കാന്‍ വഴിയില്ലാതെ മാരാരിക്കുളത്തെ നൂറുകണക്കിന് കര്‍ഷകരാണ് ആഴ്ചകളായി പ്രതിസന്ധിയിലായത്. പതിനായിരക്കണക്കിന് മുട്ട കുഴിച്ചുമൂടുന്ന സ്ഥിതിയുണ്ടായി.
Share your comments