തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകർക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നൽകി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒൻപതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങൾക്ക് പുതുജീവനേകാനും സർക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിന്റെ നവകേരള സദസ്സിൽ മന്ത്രി പറഞ്ഞു.
നവകേരള സദസ്സിലൂടെ വികസന നേട്ടങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തു. മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായ ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലു ലക്ഷത്തിലധികം വീടുകളാണ് നിർമ്മിച്ചു നൽകിയത്. തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്.
ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ കണ്ടെത്തി നിയമനം ഉറപ്പാക്കുന്നു. ഒരു വർഷത്തിനുള്ളിൽ മുപ്പതിനായിരം പേർക്കാണ് പിഎസ് സി യിലൂടെ പുതുതായി നിയമനം നൽകിയത്. ഐ ടി മേഖലകളിലും ചെറുപ്പക്കാർക്ക് അനേകം തൊഴിലവസരങ്ങൾ ലഭ്യമാക്കി. കാർഷികമേഖലയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് കർഷകരെ ഈ സർക്കാർ ചേർത്തുനിർത്തിയതായും മന്ത്രി പറഞ്ഞു.
Share your comments