എറണാകുളം: ആലങ്ങാടിന്റെ പഴയകാല കാര്‍ഷിക പെരുമയായിരുന്ന ആലങ്ങാടന്‍ ശര്‍ക്കര 2024 ല്‍ വീണ്ടും വിപണിയിലിറക്കാനാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി മണ്ഡലതല കരിമ്പ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് സഹകരണ ബാങ്ക് പരിസരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ പദ്ധതിയുടേയും തുടക്കം ആവേശകരമാണെങ്കിലും തുടര്‍ച്ച ദുഷ്‌ക്കരമായതിനാല്‍ സമര്‍പ്പണത്തോടെ മുന്നോട്ട് പോകണം. കരിമ്പുകൃഷി പഴയതിന്റെ തുടര്‍ച്ചയാണ്. ആലങ്ങാടന്‍ ശര്‍ക്കര ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഉപ്പില്ലാത്തതാണെന്നാണ് പറയപ്പെടുന്നത്. വിജയ പ്രതീക്ഷയോടെ തുടങ്ങുന്ന കൃഷിക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പുരോഗതിയും ഉപകാരപ്പെടും. ശര്‍ക്കരയ്ക്ക് ഭൗമസൂചികാ പദവി നേടിയെടുക്കാന്‍ ശ്രമിക്കും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പാല്‍, മുട്ട, മാംസം എന്നിവയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷമാണ് വിളവെടുപ്പിനുള്ള കാലാവധി.
കരിമ്പ് കൃഷി സാധ്യതകളും കൃഷി രീതിയും സംബന്ധിച്ച് തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ഡോ.വി.ആര്‍ ഷാജന്‍ ക്ലാസ് എടുത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്ന ശർക്കര തണുപ്പുകാലങ്ങളിൽ എങ്ങനെയെല്ലാം കഴിക്കാമെന്ന് നോക്കാം
ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയകൃഷ്ണന്‍, ആലങ്ങാട് കൃഷി ഓഫീസര്‍ ചിന്നു ജോസഫ്, ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി ജയപ്രകാശ്, ഭരണ സമിതി അംഗം സി.പി ശിവന്‍, ബാങ്ക് മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ വി.ജി ജോഷി, കൃഷിക്കൊപ്പം കളമശ്ശേരി കോര്‍ഡിനേറ്റര്‍ എം.പി വിജയന്‍ പള്ളിയാക്കല്‍, സഹകരണ വകുപ്പ് ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി.എന്‍ നിഷില്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി നിര്‍വാഹക സമിതി അംഗങ്ങളായ എം.എസ് നാസര്‍, എ.വി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments