<
  1. News

ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം

സോക്കറിന്റെ സ്വന്തം ഇതിഹാസം ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം.

Arun T

സോക്കറിന്റെ സ്വന്തം ഇതിഹാസം ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം. മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അർജന്റീന. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾശ്രമം നടത്തിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗുയർത്തി. അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രൻ ലോങ് റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ അർജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.

17-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച എയ്ഞ്ജൽ ഡി മരിയയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയർന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ

21-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജൽ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടർന്ന് അർജന്റീനയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പർ താരം ലയണൽ മെസ്സി. 23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തുലച്ചു. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ കൂടിയാണിത്.

ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തിൽ അമിതമായി ശ്രദ്ധചെലുത്താൻ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റിൽ അവർ ലീഡുയർത്തി. ഇത്തവണ സൂപ്പർതാരം ഏയ്ജൽ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്.

ഡി മരിയ ഗോൾവല തുളച്ചപ്പോൾ

ഫൈനലിൽ ആദ്യ ഇലവനിൽ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താൻ ഫൈനലുകളിൽ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മെസ്സി മറിച്ചുനൽകിയ പാസ് സ്വീകരിച്ച അൽവാരസ് പന്ത് മാക് അലിസ്റ്റർക്ക് നൽകി. മാക് അലിസ്റ്റർ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റർ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നൽകുകയും ചെയ്തു. ഗോൾകീപ്പർ ലോറിസ് മാത്രമാണ് അപ്പോൾ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോൾവല തുളച്ചപ്പോൾ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയ ചെയ്തു.

മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് രണ്ട് മാറ്റങ്ങൾ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയർ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാർക്കസ് തുറാം, റൻഡൽ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാനായി ഫ്രാൻസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അർജന്റീന പ്രതിരോധം വിഫലമാക്കി.

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ഡി മരിയയുടെ പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോൾ ഒരു തകർപ്പൻ വോളിയിലൂടെ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ലോറിസ് അത് കൈയ്യിലൊതുക്കി. 59-ാം മിനിറ്റിൽ അൽവാരസ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ലോറിസ് അത് രക്ഷപ്പെടുത്തി. 64-ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് അർജന്റീന അക്യൂനയെ കൊണ്ടുവന്നു.

71-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72-ാം മിനിറ്റിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എൻസോ ഫെർണാണ്ടസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ദുർബലമായ താരത്തിന്റെ ഷോട്ട് ലോറിസ് കൈയിലൊതുക്കി.

രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ

79-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാർട്ടിനസ്സിന്റെ വിരൽത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.

ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു.

മത്സരത്തിന്റെ ഇൻജുറി ടൈമിൽ കിലിയൻ എംബാപ്പെ പന്തുമായി മുന്നേറി പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും റൊമേറോയുടെ കാലിൽ തട്ടി പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. രണ്ട് ഗോളടിച്ചതോടെ ഫ്രാൻസ് ശക്തിവീണ്ടെടുത്തു. ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് അത്യുജ്ജ്വലമായി ലോറിസ് തട്ടിയകറ്റി. പിന്നാലെ നിശ്ചിതസമയം അവസാനിച്ചു.

മിശിഹ അർജന്റീനയുടെ വീരപുരുഷനായി

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. 104-ാം മിനിറ്റിൽ പകരക്കാരനായി വന്ന ലൗട്ടാറോ മാർട്ടിനെസ്സിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ഉപമെക്കാനോ തടഞ്ഞു. പിന്നാലെ പരഡൈസ് പോസ്റ്റിലേക്ക് ലോങ്റേഞ്ചർ അടിച്ചെങ്കിലും വരാനെ അത്ഭുതകരമായി അത് തട്ടിയകറ്റി. ഇൻജുറി ടൈമിന്റെ ആദ്യ പകുതിയുടെ അവസാന സെക്കൻഡുകളിൽ ലൗട്ടാറോയ്ക്ക് ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

107-ാം മിനിറ്റിൽ മെസ്സിയുടെ മികച്ച ലോങ്റേഞ്ചർ ഒരു വിധം ലോറിസ് തട്ടിയകറ്റി. എന്നാൽ അർജന്റീനയുടെ പോരാട്ടവീര്യത്തിന് മെസ്സി അടിവരയിട്ടു. തകർപ്പൻ ഗോളിലൂടെ. 108-ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തു. അർജന്റീന ആരാധകരുടെ നിരാശ തച്ചുടച്ചുകൊണ്ട് മിശിഹ അർജന്റീനയുടെ വീരപുരുഷനായി അവതരിച്ചു. മെസ്സിയുടെ പാസിൽ മാർട്ടിനെസ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് ലോറിസ് തട്ടിയകറ്റി. പന്ത് റീബൗണ്ടായി വന്ന് മെസ്സിയുടെ കാലിലേക്ക്. മെസ്സി പോസ്റ്റിലേക്ക് ഷോട്ട് തീർത്തു. പന്ത് ബോക്സിനുള്ളിൽ വച്ച് ഉപ്മെക്കാനോ തട്ടിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോൾ അനുവദിച്ചു. ഉപ്മെക്കാനോ ഗോൾലൈൻ സേവിന് പോലും ഫ്രാൻസിനെ രക്ഷിക്കാനായില്ല.

എന്നാൽ 116-ാം മിനിറ്റിൽ ഫ്രാൻസിന് വീണ്ടും സമനില നേടാനുള്ള അവസരം വന്നെത്തി. റഫറി പെനാൽറ്റി അനുവദിച്ചു. എംബാപ്പെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് മോണ്ടിയലിന്റെ കൈയ്യിൽ തട്ടിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത എംബാപ്പെയ് തെറ്റിയില്ല. അനായാസം പന്ത് വലയിലെത്തിച്ചു എംബാംപ്പെ ഹാട്രിക് തികച്ചു.

മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയിൽ കലാശിച്ചു.

അർജന്റീനയുടെ ചരിത്രം കുറിച്ച പെനാൽറ്റി കിക്ക്

പിന്നീട് പെനാൽറ്റി കിക്ക് വിജയിയെ നിർണയിച്ചു. ഫ്രാൻസിനായി ആദ്യ പെനാൽറ്റി കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാർട്ടിനെസ്സിന്റെ കൈയ്യിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്. അർജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല. താരവും ലക്ഷ്യം കണ്ടു. ഫ്രാൻസിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാർട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അർജന്റീന 2-1 ന് മുന്നിൽ കയറി.

ഫ്രാൻസിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോൾപോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അർജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാൻസിനായി ഗോൾ നേടിയതോടെ സ്കോർ 3-2 ആയി. നാലാമത്തെ നിർണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്.

താരം ലക്ഷ്യം കണ്ടതോടെ അർജന്റീന 4-2 ന് വിജയം ലോകകിരീടത്തിൽ മുത്തമിട്ടു.

English Summary: ARGENTINA WON FOOTBALL WORLD CUP 2022

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds