എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നതും തുടര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സുറുമി അജീഷ് സംസാരിക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍
ആയവന ഗ്രാമപഞ്ചായത്തില്‍ വനിതാ ശാക്തീകരണത്തിനായി കുടുംബശ്രീ മുഖേന നിരവധി പദ്ധതികള്‍ കഴിഞ്ഞ കാലയളവില്‍ നടപ്പിലാക്കി. വനിതകളുടെ കൂട്ടായ്മ വഴി സാമ്പത്തികഭദ്രത ഉറപ്പാക്കാനും സാധിച്ചു. ചെറുകിട വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുക വഴി കൂടുതല്‍ ഉത്പന്നങ്ങള്‍ പഞ്ചായത്തില്‍ വിതരണം നടത്തുന്നതിനും അതിലൂടെ തൊഴിലവസരം ഉറപ്പാക്കാനും കഴിഞ്ഞു. വനിതകള്‍ക്കായി 'ഒരു വാര്‍ഡില്‍ ഒരു ഉത്പന്നം' എന്ന രീതിയില്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് റിവോള്‍വിങ് ഫണ്ട് എന്ന രീതിയില്‍ ലക്ഷക്കണക്കിന് രൂപ പല പദ്ധതികളിലായി വകയിരുത്തി വനിതാ ശാക്തീകരണം ഉറപ്പാക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ വനിതകള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
കാര്‍ഷിക മേഖല
പഞ്ചായത്തിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു കോടി 52 ലക്ഷം രൂപ ചെലവില്‍ 10 ഹെക്ടറോളം സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും നടത്തിവരുന്നു. പച്ചക്കറിക്കൃഷി വികസനവും ഇതോടൊപ്പം ഉണ്ട്.
മൃഗസംരക്ഷണം
മൃഗസംരക്ഷണ മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. കാലിത്തൊഴുത്ത് നിര്‍മ്മാണം, കന്നുകുട്ടി പരിപാലനം എന്നിവ പ്രധാന പദ്ധതികളാണ്.
ലൈഫ് മിഷനിലൂടെ 67 വീടുകള്‍
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 67 വീടുകള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ വീടില്ലാത്തവര്‍ക്ക് 36 ലക്ഷം രൂപ നല്‍കി. 18 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ സാധിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നടപ്പുവര്‍ഷത്തില്‍ 68 ലക്ഷം രൂപ ചെലവില്‍ 43 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. പട്ടികജാതി മേഖലയിലെ ജനങ്ങള്‍ക്ക് 10,60,000 രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ചു.
ആരോഗ്യമേഖല
ആരോഗ്യ മേഖലയില്‍ ഏറെ മുന്നേറാന്‍ സാധിച്ചു. കോവിഡിനെ നേരിടുന്നതിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍, സി.എഫ്.എല്‍.ടി.സി, മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ നടത്തിയിരുന്നു. നിലവില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സിക്ക് കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി
റോഡ് നിര്‍മ്മാണം
പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏകദേശം 61 ലക്ഷം രൂപയുടെ റോഡ് നിര്‍മ്മാണം നടത്തിയിട്ടുണ്ട്.
മാലിന്യനിര്‍മാര്‍ജനം
പഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജനം മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. 14 വാര്‍ഡുകളിലും ഹരിത കര്‍മസേനകള്‍ രൂപീകരിച്ചു. എല്ലാ മാസവും നിശ്ചിത ദിവസങ്ങളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും അത് സംസ്‌ക്കരിക്കുന്നതിനായി പഞ്ചായത്ത് വേണ്ട നടപടികളും സ്വീകരിക്കുന്നുണ്ട്. ആയവന ഗ്രാമപഞ്ചായത്തിന് കീഴില്‍ ഒരു മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് അടുത്ത പഞ്ചവത്സര പദ്ധതിക്കാലത്ത് നടപടി സ്വീകരിക്കും. ഉറവിട മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ എല്ലാ വീടുകളിലും ബോധവത്കരണം നടത്തി അവരവരുടെ വീടുകളില്‍ തന്നെ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നു. ആവശ്യമുള്ള വീടുകളില്‍ ചെറുകിട മാലിന്യ സംസ്‌കരണ യൂണിറ്റുകളും നടപ്പിലാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുണമേന്മയുള്ള മാലിന്യസംസ്‌കരണ പരിപാടികള്‍ ഉള്‍പ്പെടുത്തി വികസനരേഖ പരിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കും.
Share your comments