കൊല്ലം: കുമ്മിള്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയരുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പരിഗണിച്ച ജില്ലയിലെ ഏഴ് ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ പട്ടികയിലാണ് കുമ്മിള്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഇടം പിടിച്ചത്.
ആശുപത്രിയിലെ മികച്ച പ്രവര്‍ത്തനം, ജീവനക്കാരുടെ സേവനം, ചികിത്സാ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് പരിഗണിച്ചത്. ജില്ലയില്‍ പഞ്ചകര്‍മ ചികിത്സ നിലവിലുള്ള രണ്ട് ഡിസ്‌പെന്‍സറികളില്‍ ഒന്നാണ് കുമ്മിള്‍.
പ്രതിദിനം 200ലധികം പേര്‍ ആശ്രയിക്കുന്ന ഡിസ്‌പെന്‍സറിയില്‍ കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന 'ആയുര്‍ പാലിയം' പദ്ധതിയും നിലവിലുണ്ട്. നേരത്തെ ആയുഷ് വെല്‍നെസ് കേന്ദ്രമായും ഉയര്‍ത്തിയിരുന്നു. യോഗാപരിശീലനത്തിനും നിരവധി പേര്‍ എത്തുന്നുണ്ട്. കൂടാതെ പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകളിലും യോഗ പരിശീലനം നല്‍കുന്നു. അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ ചികിത്സാ പരിപാടികളും നടത്തിവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?
ജീവിത ശൈലി രോഗങ്ങള്‍, പ്രസവാനന്തര ചികിത്സ എന്നിവയ്ക്കായി പ്രത്യേക ഒ പി സംവിധാനവുമുണ്ട്. ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ആശുപത്രി വികസനത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു, പഞ്ചായത്തംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ സ്മിത ഗണേഷ്, ഡിസ്പന്‍സറി ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേട്ടം കൈവരിച്ചത്.
Share your comments