പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, വിവിധ വായ്പകൾക്കുള്ള പ്രൊസസിങ് നിരക്ക് ഒഴിവാക്കി. സെപ്റ്റംബർ 30 വരെ അപേക്ഷിക്കുന്ന സ്വർണ്ണം, ഭവനം, വാഹനം തുടങ്ങിയ വായ്പകള്‍ക്കുള്ള പ്രൊസസിങ് നിരക്കാണ് ഒഴിവാക്കിയത്.
ഇതിൻറെ ഫലമായി ഭവന വായ്പകള്‍ 6.90 ശതമാനം പലിശനിരക്കിലും വാഹന വായ്പകള്‍ 7.30 ശതമാനം പലിശ നിരക്കിലും ഉപയോക്താക്കള്‍ക്കു ലഭിക്കും. നിലവില്‍ വിപണികളില്‍ ലഭ്യമായ ഏറ്റവും മികച്ച ഓഫറാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര നൽകുന്നത്. ധനനയത്തില്‍ ആര്‍.ബി.ഐ. അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തിയതിൻെറ ഗുണഫലം ഉപയോക്താക്കള്‍ക്കു കൈമാറുന്നതിൻെറ ഭാഗമായാണ് നടപടി.
വായ്പാ തിരിച്ചടവ് കൃത്യമായി അടക്കുന്ന ഉപയോക്താക്കള്‍ക്കായി മികച്ച ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഉപയോക്താക്കള്‍ക്ക് രണ്ടു ഇ.എം.ഐകൾ അടക്കാൻ ബാങ്ക് അനുവദിക്കും. വാഹനം, ഭവന വായ്പകള്‍ക്ക് മൊത്തം മൂല്യത്തിൻെറ 90 ശതമാനം വരെ വായ്പ അനുവദിക്കും. കാലവധിക്കു മുമ്പ് തന്നെ അധിക നിരക്കുകള്‍ ഇല്ലാതെ ഉപയോക്താവിന് വായ്പകള്‍ പൂര്‍ണമായോ ഭാഗികമായോ തിരിച്ചടയ്ക്കാം.
സ്വര്‍ണ്ണത്തിനുമേൽ ഉപയോക്താക്കള്‍ക്ക്, 20 ലക്ഷം രൂപവരെ 7.10 പലിശനിരക്കില്‍ വായ്പ്പകൾ ലഭിക്കും. ഒരു ലക്ഷം രൂപവരെയുള്ള സ്വര്‍ണവായ്പകള്‍ക്ക് പ്രൊസസിങ് നിരക്ക് ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. 'റീട്ടെയില്‍ ബൊനാന്‍സ- മണ്‍സൂണ്‍ ധമാക്ക' എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്കു കീഴില്‍ സെപ്റ്റംബര്‍ 30 വരെ വിവിധ കിഴിവുകളോടെ വായ്പകള്‍ ലഭ്യമാക്കുമെന്നു ബാങ്കിൻെറ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമന്ത് കുമാർ ടംറ്റയാണ് വ്യക്തമാക്കിയത്.
Share your comments