കൊച്ചി: കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചേരുന്ന കര്‍ഷക ഗ്രാമസഭയ്ക്ക് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന ഗ്രാമസഭയ്ക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ആറ്, ഏഴ് വാര്‍ഡുകളിലാണ് തുടക്കം കുറിച്ചത്.
കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ പച്ചക്കറി വിപണന കേന്ദ്രം പഞ്ചായത്തില്‍ ആരംഭിക്കുന്നതിന് ഗ്രാമസഭയില്‍ തീരുമാനമായി. നെല്‍കൃഷിക്ക് അനുയോജ്യമായ തരിശായിക്കിടക്കുന്ന കൃഷിഭൂമി ഉടമസ്ഥര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കുടുംബശ്രീ അല്ലെങ്കില്‍ പഞ്ചായത്ത് വഴി കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. നെല്‍കൃഷി ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയെക്കുറിച്ചും ധാരണയായി.
നെല്‍കൃഷിക്ക് എസ്.ഡി.ആര്‍, ആര്‍.കെ വി.വൈ പദ്ധതിപ്രകാരം ഹെക്ടറിന് അയ്യായിരത്തി അഞ്ഞൂറ് രൂപയും കരനെല്‍ കൃഷിക്ക് ഹെക്ടറിന് 13,000 രൂപയും സബ്‌സിഡി ലഭിക്കും. ഏകദേശം 100 രൂപ ഒരു സെന്റിന് വിവിധ സ്‌കീമുകളിലായി നെല്‍കൃഷിയില്‍ മാത്രം കര്‍ഷകര്‍ക്ക് ലഭിക്കും.
പച്ചക്കറി കൃഷി ചെയ്യുന്നവരില്‍ 50 സെന്റില്‍ കൂടുതലുള്ളവര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ പോര്‍ട്ടബിള്‍ പമ്പുസെറ്റും, 25 സെന്റില്‍ കൃഷി ചെയ്യുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ സ്‌പ്രേയറും നല്കും. തരിശുനിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് സെന്റിന് 100 രൂപയും മൈക്രോ ന്യൂട്രിയന്റ്‌ന് 75 ശതമാനം സബ്‌സിഡി ലഭിക്കും.
ജനകീയാസൂത്രണം വഴി തെങ്ങിനും ഏത്തവാഴയ്ക്കും ജൈവ വളം, രാസ വളം എന്നിവയും കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഗ്രോബാഗ് സ്‌കീമില്‍ മണ്‍ചട്ടിയില്‍ മണ്ണുനിറച്ച് ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉള്‍പ്പെടെ സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കും. കാണിക്കാട്് 25 ഹെക്ടറില്‍ വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന നിലം നെല്‍കൃഷിയ്ക്ക് പ്രയോജനപ്പെടുത്തും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള വിത്ത് വിതരണവും ഗ്രാമസഭയില്‍ നടന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ പോള്‍, ആറാം വാര്‍ഡ് മെമ്പര്‍ ബെന്നി പുത്തന്‍വീട്ടില്‍, കൃഷി ഓഫീസര്‍ കെ കെ ജോര്‍ജ്ജ്, ആറാം വാര്‍ഡ് കണ്‍വീനര്‍ ജോര്‍ജ്ജുകുട്ടി മാഷ്, നാല്പതോളം കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments