കൊച്ചി: സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ നേതൃത്വത്തിൽ കേന്ദ്ര-തീരദേശ സംസ്ഥാനങ്ങൾ കൈകോർക്കുന്നു. വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സംയുക്തമായി ചർച്ച ചെയ്യാനും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഉന്നതതല ദേശീയ ശിൽപശാല ജനുവരി 5ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെയും തീരദേശ സംസ്ഥാനങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥർ ഒരു കുടക്കീഴിൽ വരുന്ന ശിൽപശാല നീതി ആയോഗ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
സിഎംഎഫ്ആർഐയിൽ നടക്കുന്ന ശിൽപശാലയിൽ നീതി ആയോഗ് വൈസ്ചെയർമാൻ സുമൻ ബെറി, നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ്, തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് സെക്രട്ടറിമാർ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം പങ്കെടുക്കും.
കേരളത്തിന് പുറമെ, പശ്ചിമ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ തീരദേശ സംസ്ഥാനങ്ങളും ആൻഡമാൻ-നിക്കോബാറും ദേശീയ ശിൽപശാലയിൽ പങ്കെടുക്കും. സമുദ്രമത്സ്യമേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ഓരോ സംസ്ഥാനങ്ങളും പങ്കവെക്കും. വെല്ലുവിളികളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്യും. സുസ്ഥിരവളർച്ചയ്ക്കാവശ്യമായ ഭാവിപദ്ധതികൾക്ക് ശിൽപശാല രൂപം നൽകും.
ഫിഷറീസ് സർട്ടിഫിക്കേഷൻ, വ്യാപാരബന്ധം, കയറ്റുമതി, മത്സ്യബന്ധന-സീഫുഡ് വ്യവസാ മേഖലകളിലെ പ്രശ്നങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്യും.
സമുദ്രമത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവസരങ്ങൾ മുതലാക്കുന്നതിനും കൂട്ടായ ശ്രമങ്ങളും പരസ്പര സഹകരണവുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ഏകോപിപ്പിച്ച് നടത്തുന്ന ചർച്ച ലക്ഷ്യമിടുന്നത്.
Share your comments