ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതായിരിക്കണം എല്ലാ ഗ്രാമീണ വികസന പദ്ധതികളും. കൃഷിക്കാരുടെ പ്രശ്‌നങ്ങളും വികാരങ്ങളും മനസിലാക്കിയും അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയുമായിരിക്കണം വികസന നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണരുടെയും അടിസ്ഥാന ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പദ്ധതികള്‍ തയാറാക്കണം. ഇത് നടപ്പാക്കുന്നതിന് കൂട്ടായ പരിശ്രമവും വേണം.
2024 ഓടെ 2,65,000 ഗ്രാമപഞ്ചായത്തുകളെ ആദര്‍ശ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഓരോ ലോകസഭ മണ്ഡലത്തിലെയും മൂന്ന് പഞ്ചായത്തുകളാണ് ഇത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത ഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
ചേരാനെല്ലൂരില്‍ വലിയ വികസനമുണ്ടാകുമ്പോള്‍ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജൈവ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വളമാക്കി ഉപയോഗിക്കുന്നതിനും പ്രാധാന്യം നല്‍കണം. നഗരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കരുത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് വിപുലമായ പ്രചാരണം നടത്തണം. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകും വിധം കൃഷി, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയായിരിക്കണം ഗ്രാമവികസനം സാധ്യമാക്കേണ്ടതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
സന്‍സദ് ആദര്‍ശ് പദ്ധതി നടപ്പാക്കിയ എറണാകുളം മണ്ഡലത്തിലെ കോട്ടുവള്ളി ഇന്ത്യയിലെ ഏറ്റവും മികച്ച സാഗി പഞ്ചായത്തായും കുന്നുകര വിശപ്പ് രഹിത പഞ്ചായത്തായും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ വിശദമായ സര്‍വെ നടത്തിയാണ് ഓരോ പദ്ധതികളും തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്താണ് നഗരങ്ങളുടെ മാലിന്യം ചുമക്കേണ്ടതെന്ന ധാരണ മാറണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. രണ്ട് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാലും വിനോദ സഞ്ചാരികളെത്തുന്നതിനാലും നിരവധി പേര്‍ വന്നു പോകുന്ന സ്ഥലമാണിത്. ഈ സാഹചര്യത്തില്‍ സുസ്ഥിരമായ മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കണം. ചേരാനെല്ലൂരില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ഒരേക്കറിലധികമുള്ള സ്ഥലമാണ് സ്‌റേറഡിയമായി വികസിപ്പിക്കുന്നത്.
ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി
സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍ ചേരാനെല്ലൂരില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ വിനീതയുടെ നേതൃത്വത്തില്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫസര്‍ ഡോ. ഹരീഷ് പിള്ള, വാര്‍ഡ് അംഗം ഷിമ്മി ഫ്രാന്‍സിസ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments