കോവിഡിലും കാലാവസ്ഥാ വ്യതിയാനത്തിലും ദുരിതത്തിലായ വാഴക്കർഷകർക്ക് സഹായഹസ്തവുമായി സിസ്സ(സെന്റർ ഫോർ ഇന്നൊവേഷൻ ഇൻസയൻസ് ആന്റ് സോഷ്യൽ ആക്ഷൻ) പ്രവർത്തനമാരംഭിച്ചു. വാഴപോളയിൽ നിന്നും ഫൈബറും മറ്റ് ഉല്പന്നങ്ങളും വിദേശ വിപണിയിലേയ്ക്ക് എത്തിക്കുക എന്നതാണ് നിസ്സയുടെ ലക്ഷ്യം.
വാഴക്കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിസ്സയുടെ സഹകരണത്തോടെ നബാർഡിന്റെ സഹായ സംരംഭം കദളി ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിച്ചത്.
കല്ലിയൂർ പഞ്ചായത്തിലെ പുന്നമൂട് ബനാന റിസോഴ്സ് സെന്റർ വളപ്പിലാണ് കദളിയുടെ പ്രവർത്തനം. വാഴയിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളായ വാഴനാര്,വാഴയ്ക്ക ചിപ്സ്, കുട്ടികൾക്കാവശ്യമായ പോഷക ആഹാരമായ ഓർഗാനിക് ബനാന പൗഡർ തുടങ്ങിയവ ഉല്പാദിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് നിസ്സയുടെ ലക്ഷ്യം. ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ കാർഷിക വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുക, പായ്ക്ക് ഹൗസുകൾ ഉണ്ടാക്കുക, കർഷകർക്ക് പരിശീലനം നൽകുക, തുടങ്ങിയവയാണ് പ്രവർത്തന ലക്ഷ്യം.
കർഷകർക്ക് ആവശ്യമായ ജൈവവളങ്ങൾ മിതമായ നിരക്കിൽ കമ്പനിയുടെ നേതൃത്വത്തിൽ വിപണന സൗകര്യം ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ തങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കും മറ്റും വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വാഴക്കർഷകർ.കമ്പനിയുടെ കീഴിൽ ഓഹരി ഉടമകളുടെ ക്ലസ്റ്ററുകൾക്ക് ബനാന ഫൈബർ എക്ടാറ്റ് മെഷീനറികൾ സ്ഥാപിച്ച് വാഴപ്പോളയിൽ നിന്നും ഫൈബർ ഉല്പാദിപ്പിച്ച് കർഷകരിൽ നിന്നും ശേഖരിച്ച് വില്പന സൗകര്യം ഒരുക്കും.
കർഷകരിൽ നിന്നും വാഴക്കുലകൾ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേയ്ക്കും വിദേശ വിപണിയിലേയ്ക്കും കയറ്റി അയക്കാനും കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പാറശാല, കാരോട്, കുളത്തൂർ, ചെങ്കൽ, കൊല്ലയിൽ, പെരുങ്കടവിള, കുന്നത്തുകാൽ, കല്ലിയൂർ, വെങ്ങാനൂർ, അതിയന്നൂർ, പൂവച്ചൽ തുടങ്ങിയ പഞ്ചായത്തുകളിലെയും നെയ്യാറ്റിൻകര നഗരസഭയിലെ വിവിധവാർഡുകളിലെയും അസോസിയേഷൻ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 200 കർഷകരെ തുടക്കത്തിൽ കമ്പനിയുടെ ഓഹരി ഉടമകാളാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ വാഴക്കർഷകരെയും ഇത്തരത്തിൽ സംഘടിപ്പിച്ച് ഉല്പാദകകമ്പനികൾ രൂപീകരിക്കാനുള്ള പ്രവർത്തനത്തിലാണ് സിസ്സ എന്ന് ജനറൽ സെക്രട്ടറി ഡോ. സി സുരേഷ് കുമാർ പറയുന്നു.
Share your comments