എറണാകുളം: കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേരിടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ജില്ലയിലെ തീരദേശമേഖലയിലുയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും തീരദേശമേഖലയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. തീരപ്രദേശത്തെയാകെ നശിപ്പിക്കുന്ന ഈ പ്രശ്നത്തെ ഒരുമിച്ചു നിന്ന് അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ്തലം മുതല്‍ ജില്ലാതലം വരെ വിശദമായ ചര്‍ച്ചകള്‍ നടത്തുകയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ജില്ലാതലത്തില്‍ സംയുക്തമായി പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. അല്ലാത്തവ സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ശ്രദ്ധയില്‍പ്പെടുത്തും. വേലിയേറ്റ കലണ്ടര്‍ ഫലപ്രദമായി ഉപയോഗിക്കുകയും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എല്ലാവരും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആലോചനാ യോഗം ചേര്‍ന്നത്.
യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വേലിയേറ്റ കലണ്ടര്‍ വിതരണം ചെയ്തു. ഓരോ പ്രദേശത്തും വേലിയേറ്റ വെള്ളപ്പൊക്കം വ്യത്യസ്ഥമായ പ്രശനങ്ങളാണു തീര്‍ക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വേലിയേറ്റ കലണ്ടറില്‍ രേഖപ്പെടുത്താം. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പരിഹാര മാര്‍ഗങ്ങളിലെത്തുക എന്നതാണു ലക്ഷ്യം. സന്നദ്ധ സംഘടനയായ ഇക്വിനോട്ടിന്റെ സി.ഇ.ഒ ഡോ.സി.എസ് മധുസൂധനന്‍ കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കരുതൽ വേണം കോഴികൾക്ക് മഴയത്തും
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ മാനുവല്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, മരട് നഗരസഭാ അധ്യക്ഷനായ ആന്റണി ആശാന്‍ പറമ്പില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments