അപ്രതീക്ഷിതമായ കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി നടന്നു കൊണ്ടിരിക്കുന്നത്, കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. കഴിഞ്ഞ രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ 106 പേരെങ്കിലും മരിച്ചതായി കണക്കാക്കുന്നുവെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു.
മഴക്കെടുതിയിൽ മരിച്ച 59 പേരുടെ കുടുംബങ്ങൾക്ക് 2.36 കോടി രൂപയും മഴക്കെടുതിയിൽ പരിക്കേറ്റ 13 പേർക്ക് 55,900 രൂപയും ധനസഹായമായി നൽകിയതായി മന്ത്രി പറഞ്ഞു.
ഇതുകൂടാതെ കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് 2.84 കോടി രൂപയും വീടുകൾ തകർന്നവർക്ക് 10.17 കോടി രൂപയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 209 കന്നുകാലികളും 5,600 കോഴികളും ചത്തു, 1,139 കുടിലുകൾക്കും 189 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒക്‌ടോബർ 1 മുതൽ നവംബർ 29 വരെ തമിഴ്‌നാട്ടിൽ ശരാശരി 635.42 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് ഈ കാലയളവിൽ സാധാരണയേക്കാൾ 80 ശതമാനം കൂടുതലാണ് (352.60 മില്ലിമീറ്റർ). 2015ൽ ചെന്നൈയിൽ 1,610 മില്ലിമീറ്റർ മഴ പെയ്തെങ്കിൽ ഇതുവരെ 1,866 മില്ലിമീറ്റർ മഴ ലഭിച്ചു എന്നാണ് കണക്ക്,
സംസ്ഥാനത്തെ 182 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,164 പേർ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചെന്നൈയിലെ 13 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 1503 പേരാണ് കഴിയുന്നത്.
അപ്രതീക്ഷിതമായ കാലാവസ്ഥയിൽ ഒട്ടേറെ പേരുടെ സമ്പാദ്യങ്ങളും പ്രതീക്ഷകളുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ ജീവനുകൾ, ആയുഷ് കാലം കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് വെച്ച വീട് നഷ്ടപ്പെട്ടവർ, സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടവർ. മഴയത്ത് ഒലിച്ചു പോയത് അവരുടെ സമ്പാദ്യം മാത്രമല്ല അവരുടെ പ്രതീക്ഷകളും കൂടിയാണ്.
Share your comments