ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ലോക്ക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പോലീസ് പാസ് നൽകും.
തട്ടുകടകൾ ലോക്ക് ഡൗൺ കാലത്ത് തുറക്കരുത്. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.
ഹാർബർ ലേലം ഒഴിവാക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. പൾസ് ഓക്‌സിമീറ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇന്നത്തെ സ്ഥിതിയിൽ വീട്ടിനകത്ത് രോഗപ്പകർച്ച ഉണ്ടാവാൻ സാധ്യത കൂടുതലാണ്. വെളിയിൽ പോയി വരുന്നവരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്.
മറ്റു നിർദ്ദേശങ്ങൾOther suggestions
1.വടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർത്ഥന എന്നിവ ഒറ്റയ്‌ക്കോ പ്രത്യേക മുറിയിലോ ആവുന്നതാണ് നല്ലത്.
2.അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്‌ക് നിർബന്ധമാക്കണം. അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈകഴുകണം.
3.പുറത്ത് പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
4.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഓക്‌സിജൻ കാര്യത്തിൽ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാൻ വാർ റും ഉണ്ടാകും.
5.ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിർന്ന ഓഫീസർമാർ നേതൃത്വം നൽകും.
6.ലോക്ഡൗൺ കാലത്ത് ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. എന്നാൽ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. ലോക്ഡൗൺ കാലത്ത് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പോലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും.
7.വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ എത്തിക്കാൻ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്‌സുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയാണ് ഇതിന്റെ നോഡൽ ഓഫീസർ.
8.സാമൂഹ്യമാധ്യമങ്ങളിൽ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ കർശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാജസന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകി.
9.ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇത്തവണ പാസ് ഏർപ്പെടുത്തിയിട്ടില്ല.അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽ കരുതണം.
10.വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങി ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകൾ, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമ്മികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം.
11.18-45 വയസ്സ് പരിധിയിലുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകും.
12. ആരോഗ്യ പ്രവർത്തകർ മതിയാക്കാതെ വരുമ്പോൾ വിദ്യാർഥികളെയും മറ്റും പരിശീലനം നൽകി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Share your comments