തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നൂറുദിന കർമ്മ പരിപാടികളുടെ പൂർത്തീകരണ പ്രഖ്യാപനവും പുതിയ കർമ്മ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനവും ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്നു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പൊതുവിതരണ സംവിധാനം വഴിയുള്ള റാഗി വിതരണത്തിന്റെ ഉദ്ഘാടനം, മില്ലറ്റ് ഫെസ്റ്റ് 2023 പ്രദർശനം, ഉപഭോക്തൃ കേരളം യുടൂബ് ചാനൽ ഉദ്ഘാടനം, സേവനാവകാശ നിയമപ്രകാരം വകുപ്പിൽ നിന്നുള്ള സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം,
ഉപഭോക്തൃനയം കരടു സമർപ്പണം, കിടപ്പുരോഗികളുടെ വീട്ടിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ വീടുകളിൽ റേഷൻ എത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം, ഉപഭോക്തൃകേരളം കെ സ്റ്റോർ മാഗസിൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം, ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ വെബ് സൈറ്റ് ഉദ്ഘാടനം, സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരളയുടെ ഉദ്ഘാടനം എന്നീ 10 പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
ബന്ധപ്പെട്ട വാർത്തകൾ: മില്ലറ്റുകൾ ! അറിയേണ്ടതും അറിയാതെപോയതും .....
അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യങ്ങൾ) വർഷമായി 2023 ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയുടെ ഭക്ഷണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാഗി, തിന, ബജ്‌റ, ചോളം, ചാമ, വരക്, കവടപ്പുല്ല്, കോറേലി തുടങ്ങിയ വിവിധ ധാന്യങ്ങളുടെ പ്രത്യേക പ്രദർശന സ്റ്റാൾ തയ്യാറാക്കിയിട്ടുണ്ട് . ചെറുധാന്യങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം ലക്ഷ്യമാക്കി 'കേരളത്തിന്റെ ഭക്ഷ്യഭദ്രതയിൽ ചെറുധാന്യങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments