<
  1. News

പകർച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

പകർച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങൾ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാർത്ഥ്യമാക്കിയത്.

Meera Sandeep
പകർച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്
പകർച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങൾ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാർത്ഥ്യമാക്കിയത്. ഏകാരോഗ്യത്തിന് പ്രാധാന്യം നൽകി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ നിയമത്തിലുള്ളത്.

നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല സമിതികളും പ്രാദേശിക സമിതികളും കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. അതത് പ്രദേശത്തെ പകർച്ചവ്യാധികൾ കൃത്യമായി വിലയിരുത്തുകയും പ്രതിരോധ നടപടി സ്വീകരിക്കേണ്ടതുമാണ്. മഴക്കാലം മുന്നിൽ കണ്ട് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. മഴക്കാല പൂർവ ശുചീകരണത്തിനും പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദേശം നൽകി.

കേരള പൊതുജനാരോഗ്യ നിയമത്തിന്റെ വിജ്ഞാപനം ഇറങ്ങിയതിന് ശേഷമുള്ള സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ആരോഗ്യവകുപ്പ് മന്ത്രി അധ്യക്ഷയായ സംസ്ഥാന സമിതിയിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉപാദ്ധ്യക്ഷനും ആരോഗ്യ വകുപ്പ് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാണ്. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിലേയ്ക്കായി സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ അടിയന്തരമായി ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിയ്ക്കുന്നതിന് അതത് കാലങ്ങളിൽ സർക്കാർ ആവിഷ്‌കരിക്കുന്ന കർമ്മ പരിപാടികൾ അതത് തലങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് എന്നുള്ളത് സമിതികൾ വിശകലനം ചെയ്യേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണ്. 

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർമാർ കുറഞ്ഞത് 3 മാസത്തിലൊരിയ്ക്കലെങ്കിലും സമിതി മുമ്പാകെ വയ്ക്കേണ്ടതും അതതു തലങ്ങളിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്യേണ്ടതുമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദേശം നൽകി.

English Summary: Coordinated action is essential for epidemic prevention: Minister Veena George

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds