സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ റിപ്പോർട്ട് പ്രകാരം ഡെങ്കിപ്പനി സാധ്യത ഏറ്റവും രൂക്ഷമായിരിക്കുന്നത് എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ്. എറണാകുളം ജില്ലയിൽ ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി)മൂലമാണ്. ഡെങ്കി ഹെമറാജിക് പനി മാരകമാണ്. ഡെങ്കി ഹെമറാജിക് ഫീവർ ചികിൽസിച്ചാൽ പോലും ചിലപ്പോൾ ഭേദമാക്കാൻ സാധിച്ചുവെന്നുവരില്ല.ഈ വർഷം ഉണ്ടായ ഡെങ്കിപ്പനി മരണങ്ങളിൽ കൂടുതലും ഇത്തരത്തിൽ സംഭവിച്ചതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പനി വരുമ്പോൾ ചെയ്യേണ്ട ഭക്ഷണശീലങ്ങൾ
ഈ വർഷം എറണാകുളം ജില്ലയിൽ ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂൺ മാസത്തിലാണ്. ജൂലൈ മാസത്തിൽ മാത്രം ഇതുവരെ 243 സംശയിക്കുന്ന കേസുകളും 45 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡെങ്കിപ്പനി - ലക്ഷണങ്ങളും പ്രതിരോധമാർഗങ്ങളും
ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. മറ്റു പല വൈറൽ പനിയും പോലെ ഡെങ്കിപ്പനിയും അനിശ്ചിതമായ ഭാവപ്പകർച്ച രീതികൾ കാണിക്കുന്നു. രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാൽ ചിലപ്പോൾ രോഗം സങ്കീർണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ , ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: പനി മൂലം ഉള്ള കഫം പൂർണ്ണമായി മാറാൻ വീട്ടുവൈദ്യം
ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണം. പൂർണ്ണവിശ്രമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ശരീരത്തിലെ ജലാംശം കുറയാതെ നിലനിർത്താൻ പാകത്തിൽ വെള്ളമോ മറ്റ് ലായനികളോ ഇടയ്ക്കിടെ കുടിക്കുക തുടങ്ങിയ മാർഗങ്ങളിൽ കൂടി ഇതിൽ ഏറെ പേർക്കും രോഗലക്ഷണങ്ങൾ ശമിക്കും. എന്നാൽ ചെറിയൊരു ശതമാനം പേരിൽ ഗുരുതരമായ ഡെങ്കിപ്പനിയായി രൂപാന്തരം സംഭവിക്കാം. ആരിലൊക്കെ ഇങ്ങനെ അവസ്ഥ സംജാതമാകും എന്ന് പ്രവചിക്കുക എളുപ്പമല്ല. മൂന്ന് നാല് ദിവസം പനിക്കുകയും തുടർന്ന് പനി കുറയുകയും അതേസമയം ക്ഷീണം വർദ്ധിക്കുക, വയറുവേദന, ഛർദ്ദി ശരീരഭാഗങ്ങളിൽ ചുവന്ന പൊട്ടുകൾ പോലെ കാണപ്പെടുക, വിവിധ അവയവങ്ങളിൽ രക്തസ്രാവം, ബോധനിലയിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അപായ സൂചനകളാണ്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത്തരം അപായ സൂചനകൾ മാറിമാറി വന്നേക്കാം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഘട്ടത്തിൽ രോഗിക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും.
അതിനാൽ പനി , ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്.അതിനാൽ ഡെങ്കിപ്പനി പ്രതിരോധത്തിന് ഏറ്റവും പ്രധാനം വീടിനുളളിലും , ചുറ്റുപാടും ഈഡിസ് കൊതുകുമുട്ടയിടുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നതാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാൽ പകൽ സമയത്ത് കൊതുക് കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ, റിപ്പലന്റ്‌സ് എന്നിവ ഉപയോഗിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
Share your comments