1. പ്രധാനമന്ത്രി ഗതി ശക്തി-നാഷണൽ മാസ്റ്റർ പ്ലാനുമായി (NMP) മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന്റെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
റെയിൽവേയും റോഡ്‌വേകളും ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ സംയോജിത ആസൂത്രണത്തിനും അടിസ്ഥാന സൗകര്യ കണക്റ്റിവിറ്റി പദ്ധതികളുടെ ഏകോപിത നടപ്പാക്കലിനും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്, എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
2. ലഹരി മുക്ത കേരളം പടുത്തുയർത്താൻ സമൂഹത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മാവൂർ പൊലീസ് സ്റ്റേഷന്റെ 'ലൂമിനേറ്റർ' പദ്ധതിയുടെയും, ലഹരിക്കെതിരെ തയ്യാറാക്കിയ ഷോട്ട്ഫിലിമിന്റെയും, ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന പദ്ധതിയാണ് 'ലൂമിനേറ്റർ'. ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
3. തൊടുപുഴയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ദയാവധത്തിന് വിധേയമാക്കിയ പന്നികളുടെ ഉടമകൾക്ക് നഷ്ടപരിഹാരമായി 18 ദശാംശം 75 ലക്ഷം രൂപ നൽകാൻ അനുമതീയായി. സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ബിനോയ് പി. മാത്യു അറിയിച്ചു. ഇതിനിടെ, ഏതാനും പന്നികൾ ചത്തതായി കണ്ടെത്തിയതിനെത്തുടർന്ന് വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളിലെ ചില ഫാമുകളിൽനിന്ന് കൂടി രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കരിമണ്ണൂർ പഞ്ചായത്തിൽ ചാലാശ്ശേരിയിലെ ഫാമിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ 262 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.
4.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പ്രചരണാർത്ഥം തെങ്ങിന് ജൈവവളത്തിനായി തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഡെയിഞ്ചകൃഷി തുടങ്ങി. പാനായിക്കുളം മേത്താനത്തെ നാളികേര കർഷകനായ ശ്രീ.CA.സാബിറിൻ്റെ കൃഷിയിടത്തിൽ നടന്ന ഡെയിഞ്ച വിത്ത് വിതരണം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.MR.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
5. കൃഷിയിടത്തിനനുയോജ്യമായ ഫാം പ്ലാൻ തയാറാക്കി മാതൃകാ കൃഷിത്തോട്ട നിർമ്മാണത്തിനായി കൃഷി വകുപ്പ് പദ്ധതിയിടുന്നു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍ക്കും, വ്യക്തിഗത കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ഒരു തദ്ദേശ ഭരണ സ്ഥാപനത്തിൽ പത്തു യൂണിറ്റുകളാണ് പ്രാരംഭ ഘട്ടത്തിൽ നടപ്പാക്കുന്നത്. കോതമംഗലം ബ്ലോക്ക് പരിധിയിലെ കർഷകർ അപേക്ഷ നവംബർ 18 നു മുമ്പായി അതാതു കൃഷിഭവനിൽ നൽകേണ്ടതാണ്. വിശദ വിവരങ്ങളും, അപേക്ഷയും കൃഷിഭവനിൽ ലഭ്യമാണ്.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷി ഭവൻ പഞ്ചായത്തിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷികളിൽ നൂറ് മേനി വിളവ്. കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട ഇഞ്ചക്കുടി മൈതീൻ എന്ന കർഷകനാണ് സ്വന്തമായ ഒന്നരയേക്കർ ഭൂമിയിൽ ജൈവരീതിയിൽ വീണ്ടും വെണ്ട കൃഷിയിൽ പൊന്നുവിളയിച്ച് മാതൃകയായത്. വെണ്ടകൃഷിക്ക് പുറമെ ചോളം, പാവൽ, പടവലം തുടങ്ങീ പച്ചക്കറി കൃഷികളും ചെയ്തു വരുന്നു. കൃഷിയിടത്തിൽ വച്ച് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി പോൾ അദ്ധ്യക്ഷത വഹിച്ചു.
7. അവശ്യമരുന്നുകൾക്ക് വിലനിയന്ത്രണം; കാൻസർ, ആസ്മ, ഹൃദ്രോഗ മരുന്നുകളുടെ വില കുറയും.
അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന 384 മരുന്നുകളെയും, വില നിയന്ത്രണ പരിധിയിൽ കൊണ്ടുവന്ന് ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം ഉത്തരവിറക്കി. ചില്ലറ വിൽപനയിൽ ഓരോ മരുന്നിനുമുള്ള ശരാശരി വില അടിസ്ഥാനമാക്കി വില നിശ്ചയിക്കാൻ വഴിയൊരുക്കുന്നതാണ് നടപടി. 2015 ലെ പട്ടികയിൽ നിന്ന് 26 എണ്ണം ഒഴിവാക്കിയും 34 എണ്ണം പുതുതായി ചേർത്തും കഴിഞ്ഞ സെപ്റ്റംബറിൽ അവശ്യമരുന്നുകളുടെ ദേശീയ പട്ടിക കേന്ദ്ര സർക്കാർ പുതുക്കിയിരുന്നു.
8. ഭാരത് കൃഷക് സമാജും സോക്രറ്റസ് ഫൗണ്ടേഷനും ചേർന്ന് ഫുഡ് സിസ്റ്റംസ് ഫോർ ഇന്ത്യ ഡയലോഗിന്റെ പ്ലീനറി 2022 ഇന്ത്യ ഇന്റർനാഷണൽ സെന്ററിലെ കമലാദേവി മൾട്ടിപർപ്പസ് ഹാളിൽ സംഘടിപ്പിച്ചു. ഫുഡ് സിസ്റ്റംസ് ഡയലോഗുകൾ ഡോ ഡേവിഡ് നബാരോ ക്യൂറേറ്റ് ചെയ്യുകയും മോഡറേറ്റ് ചെയ്യുകയും ചെയ്‌തു. നിതി ആയോഗ് അംഗം ഡോ.രമേശ് ചന്ദ്, സദസിനെ അഭിസംബോധന ചെയ്തു.
9. ആയുർ വെറ്റ് സ്ഥാപനത്തിന്റെ മാർക്കറ്റിംഗ്, ടെക്നിക്കൽ സർവീസ് ആൻഡ് ഇന്സ്ടിട്യൂഷനൽ ബിസിനസ് ഹെഡും, റിട്ടയേർഡ് മേജർ Dr. ദീപക് ഭാട്ടിയ കൃഷി ജാഗരൺ സന്ദർശിച്ചു, കെജെ ചൗപ്പാലിൽ വെച്ച് നടന്ന യോഗത്തിൽ സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ എം.സി. ഡൊമിനിക് , ഡയറക്ടർ ഷൈനി ഡൊമിനിക്കും മറ്റു കൃഷി ജാഗരൺ അംഗങ്ങളും പങ്കെടുത്തു.
10. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Khadi: ആരോഗ്യപ്രവർത്തകർ ഇനിമുതൽ ഖാദി കോട്ട് ധരിക്കും..കൂടുതൽ കൃഷി വാർത്തകൾ
Share your comments