കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.
കൃഷിഭൂമി തന്നെ നഷ്ടപ്പെട്ടുപോയ സംഭവം പലയിടങ്ങളിലുമുണ്ട്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകൾ തീർത്ത് അവയെ പൂർവനിലയിലാക്കാൻ അനുയോജ്യമായ പദ്ധതി ആവിഷ്‌കരിക്കും. മണ്ണു സംരക്ഷണ വകുപ്പുമായി ആലോചിച്ച് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ തീരുമാനിക്കും. തൊഴിലുറപ്പ് പദ്ധതിയെ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർ തലത്തിൽ ആലോചിച്ച് തീരുമാനിക്കും. കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കൃഷി നാശനഷ്ടങ്ങൾ കർഷകർക്ക് ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ മുഖേനയോ രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.
കൃഷിനാശമുണ്ടായി 10 ദിവസത്തിനകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ബന്ധപ്പെട്ട അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അർഹമായ ആനുകൂല്യത്തിന് സർക്കാരിലേക്ക് ശിപാർശ കൈമാറും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പിന് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക കണക്ക് പ്രകാരം കോട്ടയം ജില്ലയിൽ 5742 ഹെക്ടർ സ്ഥലത്തായി 59.3 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിൽ 281 ഹെക്ടർ കൃഷി ഭൂമിയാണ് നശിച്ചത്. 9.20 കോടിരൂപയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളായ കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, ഇടയാർ, ഇളംകാട് എന്നിവയും ഇടുക്കി ജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകം പുഴ, പൂപഞ്ചി, കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. കൊക്കയാറിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാഴൂർ സോമൻ എന്നിവരും ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
കൃഷിനാശം ഓൺലൈൻ സംവിധാനത്തിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
Share your comments