കോഴിക്കോട്: ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് വയോജനങ്ങൾക്കിനി ഏറെ ദൂരം പോവേണ്ടി വരില്ല. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതിക്ക് തുടക്കമായി. വയോജനങ്ങള്‍ക്ക് സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ വാതിൽപടി സേവനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് ഡിവിഷനുകളിൽ നേരിട്ടെത്തി 60 വയസുകഴിഞ്ഞ വയോജനങ്ങൾക്ക് മെഡിക്കൽ സേവനം സൗജന്യമായി നൽകും. ഒരു ഡോക്ടർ, നേഴ്സ് കം ഫാർമസിസ്റ്റ് എന്നിവരാണ് മൊബൈൽ മെഡിക്കൽ യൂണിറ്റിലുണ്ടാവുക. നവംബര്‍ 14-ാം തിയ്യതി മുതല്‍ ബ്ലോക്കിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വയോജനങ്ങളെ പരിശോധിച്ച് മരുന്നുകള്‍ വിതരണം ചെയ്യും. ബന്ധപ്പെട്ട വാർഡിലെ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർമാർ എന്നിവർ കേന്ദ്രങ്ങളിൽ ഉണ്ടാവും. അതാത് ഡിവിഷൻ ബ്ലോക്ക് മെമ്പർമാർ പദ്ധതിക്ക് നേതൃത്വം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിന്റെ കടമ : നിർമ്മല ജിമ്മി
പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മൊബൈല്‍ മെഡിക്കൽ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
പേരാമ്പ്ര പെൻഷനേസ് ഭവനിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി കുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: LIC PMVVY: മുതിർന്ന പൗരന്മാർക്ക് പ്രതിമാസ പെൻഷൻ 9250 രൂപ വരെ വാഗ്ദാനം ചെയ്യുന്നു, വിശദാംശങ്ങൾ
ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. കെ. ഫാത്തിമ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സജീവൻ, പി.കെ രജിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കാദർ, ഹെൽത്ത് സൂപ്പർവെെസർ വി.വി മനോജ്കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Share your comments