ഗൃഹനാഥരായ വനിതകളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷ നൽകാം. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ബിപിഎൽ (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ധനസഹായം ലഭിക്കാൻ അർഹതയുള്ളത്.
ധനസഹായം എങ്ങനെ?
1 മുതൽ 5-ാം ക്ലാസ് വരെ വർഷം 3,000 രൂപ, 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ 5,000 രൂപ, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് വർഷം 7,500 രൂപ, ഡിഗ്രി മുതലുള്ള വിദ്യാർഥികൾക്ക് വർഷം 10,000 രൂപ എന്നിങ്ങനെയാണ് ധനസഹായം ലഭിക്കുക.
അപേക്ഷ നൽകാൻ അർഹരായവർ ആരൊക്കെ?
ഗൃഹനാഥരായ വിവാഹമോചിതരായ വനിതകളുടെ കുട്ടികൾക്കും ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾ എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പുനർവിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. നിയമപരമായി വിവാഹം കഴിയ്ക്കാതെ അമ്മമാരായവരുടെ മക്കൾക്കും ധനസഹായം ലഭിക്കും. ഇത്തരം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രവും നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: 'ഫ്രഷ്' ചിക്കനും മീനും തിരിച്ചറിയാം
അപേക്ഷകൾ സമർപ്പിക്കുന്നവർ ബന്ധപ്പെട്ട റവന്യൂ അല്ലെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് അല്ലെങ്കിൽ പക്ഷാഘാതം കാരണം ജോലി ചെയ്യാനും, കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്കും ധനസഹായം ലഭിക്കും. അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം.
ഒരു കുടുംബത്തിലെ പരാമാവധി രണ്ട് കുട്ടികൾക്ക് മാത്രം ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്കോളർഷിപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകണം. ഒരു സാമ്പത്തിക വർഷം ഒരു ജില്ലയിൽ നിന്നും ഒറ്റത്തവണ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുള്ളു. അങ്കണവാടി പ്രവർത്തകർ വഴിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുക.
സംസ്ഥാന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ധനസഹായം ലഭിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളിലോ മറ്റ് അൺ എയ്ഡഡ് വിദ്യാലയങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ ട്യൂഷൻ സെന്ററുകളിലോ പഠിക്കുന്നവർ ധനസഹായത്തിന് അർഹരല്ല. കൂടുതൽ വിവരങ്ങൾക്ക് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Share your comments