കർഷകർക്ക് വൈദ്യുതിച്ചാർജ് കൃഷിഭവൻ വഴി മുൻകൂറായി നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക കർഷകർ എണ്ണം കുറവായ പ്രദേശങ്ങളിലാകും.
കേരളത്തിൽ സബ്‌സിഡിക്ക് അർഹരായ കർഷകർ ഇപ്പോൾ വൈദ്യുതിച്ചാർജ് അടയ്ക്കുന്നില്ല. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച താരിഫ് അനുസരിച്ച് കെ.എസ്.ഇ.ബി. കർഷകർക്ക് ബിൽ നൽകും. ഈ പണം കൃഷിഭവനാണ് നേരിട്ട് കെ.എസ്.ഇ.ബി.ക്കു നൽകുന്നത്.
സർക്കാരിന്റെ സബ്‌സിഡി നേരിട്ട് കർഷകരുടെ അക്കൗണ്ടിൽത്തന്നെ നൽകണമെന്നാണ് കേന്ദ്രനിബന്ധന. പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്ന അതേ രീതി ഇതിലും നടപ്പാക്കണം. അതിന് ആദ്യം കർഷകൻ സ്വന്തം കൈയിൽനിന്ന് വൈദ്യുതി ബിൽ അടയ്ക്കണം. ശേഷം ആ പണം അവരുടെ അക്കൗണ്ടിലേക്ക് തിരിച്ചുനൽകണം.
കർഷകർ ആദ്യം പണമടച്ചശേഷം സബ്‌സിഡിക്കു കാത്തിരിക്കുന്നത് അപ്രായോഗികവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്നാണ് കേരളത്തിന്റെ നിലപാട്. അതിനുപകരം കെ.എസ്.ഇ.ബി.ക്ക് കൃഷിഭവൻ ഇപ്പോൾ നേരിട്ട് അടയ്ക്കുന്ന പണം മുൻകൂറായി കർഷകരുടെ അക്കൗണ്ടിലേക്കു നൽകും. അവരത് കെ.എസ്.ഇ.ബി.ക്ക് അടയ്ക്കണം.
കൃഷിഭവൻ പണം നൽകാൻ വൈകിയാലും കർഷകരുടെ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുനൽകും. വൈദ്യുതി സബ്‌സിഡിയിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ ഇങ്ങനെയാണു നടപ്പാക്കുന്നതെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും.
Share your comments