ഓരോ മേഖലയിലും നടപ്പിലാക്കേണ്ട വികസന പരിപാടി സംബന്ധിച്ച് നിശ്ചിത ഗ്രൂപ്പുകളായി തിരിഞ്ഞ് ക്രോഢീകരിച്ച നിര്‍ദ്ദേശങ്ങള്‍ മേല്‍ത്തട്ട് സമിതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ നിര്‍ദ്ദേശങ്ങള്‍ക്കാണ് അന്തിമ അനുമതി നല്‍കിയത്. കരടിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകും വികസന പ്രക്രിയ ത്വരിതപ്പെടുത്തുക.
അഷ്ടമുടിക്കായല്‍ സംരക്ഷണവും പരിസ്ഥിതി പരിപാലനവും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്നതാണ് സുപ്രധാന നിര്‍ദ്ദേശം. നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനം ജീവനോപാധിയായി പരിഗണിക്കുമ്പോള്‍ കായലിന്റെ ആരോഗ്യകരമായ അവസ്ഥ നിലനിറുത്താനുമാകണം. വിനോദ സഞ്ചാര സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.
മത്സ്യകൃഷി വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിനുള്ള രീതികള്‍ അവലംബിക്കുകയും ഉള്‍നാടന്‍ മത്സ്യവര്‍ധനയ്ക്ക് സാഹചര്യമൊരുക്കുകയും വേണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, ഫിഷറീസ് വകുപ്പ് എന്നിവയുടെ പങ്കാളിത്തം നിര്‍വഹണത്തിന് പ്രയോജനപ്പെടുത്താനാകും. നാളീകേരം, പച്ചക്കറി, റബ്ബര്‍, കര്‍ഷകര്‍ക്ക് വരുമാന വര്‍ധനയ്ക്ക് തേന്‍ഗ്രാമം പദ്ധതി നടപ്പിലാക്കണം. കൃഷി, ഹോര്‍ട്ടികോര്‍പ്പ്, ഖാദി, വ്യവസായം, ഭക്ഷ്യസുരക്ഷ, കുടുംബശ്രീ വകുപ്പുകളാണ് ഇതു നടപ്പിലാക്കേണ്ടത്. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള ജൈവവളം ഉദ്പാദനവും വിതരണവും ഉറപ്പാക്കണം. ക്ഷീരവകുപ്പ് സംഘങ്ങള്‍, കാര്‍ഷിക കര്‍മസന, മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന ക്ഷേമ വകുപ്പ് എന്നീ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് നിര്‍വഹണം ഉറപ്പാക്കേണ്ടത്.
വ്യവസായം, മൃഗസംരക്ഷണം, കേരള ഫീഡ്‌സ്, നബാര്‍ഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ കോഴിയിറച്ചി ഉദ്പാദന വര്‍ധനയും വരുമാന വര്‍ധനവും ഉറപ്പാക്കണം. മലിനീകരണ നിയന്ത്രണത്തിനായി കോഴി അവശിഷ്ടം ശേഖരിച്ച് ജൈവവളം നിര്‍മിക്കാനുള്ള പദ്ധതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ തുക നിക്ഷേപിച്ച് ഡീസല്‍ ഉദ്പാദന സാധ്യതയും പ്രയോജനപ്പെടുത്താനാകും.
ഔഷധച്ചെടി നട്ടു വളര്‍ത്തിയുള്ള മരുന്ന് നിര്‍മാണത്തിനായി സഹ്യ ആരാമം നടപ്പിലാക്കാനും നിര്‍ദ്ദേശമുണ്ട്. ആയുര്‍വേദ മരുന്ന് കയറ്റുമതിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്താവുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപീകരണം.
ഐ.ആര്‍.ഇ, ഐ.എസ്.ആര്‍.ഒ, വ്യവസായ വകുപ്പ് എന്നിവ ചേര്‍ന്ന് സ്ഥാപിക്കുന്ന ടൈറ്റാനിയം അധിഷ്ഠിത ഉദ്പാദന കോംപ്ലക്‌സിലൂടെ ടൈറ്റാനിയം ലോഹഘടകങ്ങളുടെ തദ്ദേശീയ ഉദ്പാദനവും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. തൊഴിലും തൊഴില്‍ പരിശീലനവും ഉറപ്പാക്കി ഭിന്നലിംഗക്കാരുടെ സംരക്ഷണത്തിനും പദ്ധതി നിര്‍ദ്ദേശമുണ്ട്. സാമൂഹ്യനീതി, തദ്ദേശഭരണം, വ്യവസായം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയ്ക്കാണ് നിര്‍വഹണ ചുമതല. എല്ലാ മേഖലയേയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദശങ്ങളടങ്ങിയ ജില്ലാ പദ്ധതി രേഖ അംഗീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ആസൂത്രണ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments