കോഴിക്കോട്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്കായി എല്ലാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേർത്ത് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജാതി, മത, വർഗ്ഗ, വർണ്ണ, ദേശ ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി സാധ്യമാകണമെങ്കിൽ തുല്യ അവസരങ്ങൾ പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോരങ്ങാട് അൽഫോൻസ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മലബാർ യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിലെ 5000-ത്തിലധികം അംഗങ്ങളുടെ പങ്കാളിത്തത്തിന് സംഗമം സാക്ഷ്യം വഹിച്ചു.
കേരളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ക്രിസ്ത്യൻ സമൂഹം നൽകിയ സംഭാവനകളെ അനുസ്മരിച്ച മന്ത്രി 2047-ഓടെ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ - ഇന്ത്യയുടെ അമൃതകാലഘട്ടത്തിൽ - സുപ്രധാന പങ്കാളികളാണ് ക്രിസ്ത്യൻ സമൂഹമെന്ന് വ്യക്തമാക്കി.
ഒരു ദിവസത്തെ സന്ദർശനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി കേരളത്തിലെ 20 കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായും നേരത്തെ സംവദിച്ചു.
Share your comments