ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരാന്‍ തയ്യാറാകണമെന്ന് കര്‍ഷകക്ഷേമ കാര്‍ഷിക വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കണം. കൃഷിക്കാരന് സമൂഹത്തില്‍ അന്തസായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ ചെലവില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മുള കൃഷി ചെയ്യാം
ഇന്നത്തെ സമൂഹത്തില്‍ കാന്‍സര്‍ അടക്കമുള്ള വിവിധ രോഗങ്ങളുടെ പ്രധാന കാരണം തെറ്റായ ആഹാരശൈലിയാണ്. എല്ലാവരും കൃഷിയിലേക്ക് ഇറങ്ങുന്നതുവഴി ഇതിന് പരിഹാരം കാണാന്‍ സാധിക്കും. കുടുംബശ്രീ, വിദ്യാലയങ്ങള്‍, സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ പഞ്ചായത്ത് ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ കർഷകർക്ക് കൃഷിനാശത്തിന് അടക്കം ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും കാഞ്ഞൂര്‍ കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കി ഉയര്‍ത്താനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാഞ്ഞൂര്‍ പഞ്ചായത്ത് കൃഷി അടിസ്ഥാനമായ പഞ്ചായത്താണെന്നും കൃഷിഭവന്റെ സൗകര്യം വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹന്നാന്‍ എം.പി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. പ്രകൃതിസംരക്ഷണം കൃഷിയിലൂടെ യാഥാര്‍ഥ്യമാകുമെന്നും കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയിലെ ശാസ്ത്ര സാങ്കേതിക പുരോഗതി കൃഷിക്ക് ഗുണകരമാകും. മനുഷ്യരാശിയുടെ നിലനില്‍പ്പിന് എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും പുതിയ കൃഷിഭവന്‍ ഓഫീസ് കര്‍ഷകര്‍ക്ക് തണലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
15 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ കൃഷിഭവന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇടുങ്ങിയ വാടക കെട്ടിടത്തിലായിരുന്നു മുമ്പ് കൃഷിഭവന്‍ പ്രവര്‍ത്തിച്ചിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി അഭിജിത്ത്, ആന്‍സി ജിജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ കൃഷ്ണകുമാര്‍, വികസനകാര്യ ചെയര്‍പേഴ്സണ്‍ വിജി ബിജു, ക്ഷേമകാര്യസമിതി ചെയര്‍മാന്‍ കെ.വി പോളച്ചന്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണ്‍ സരിത ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ രഘു, ചന്ദ്രവതി രാജന്‍, വി.എസ് വര്‍ഗീസ്, ജയശ്രീ ടീച്ചര്‍, ടി.എന്‍ വേലായുധന്‍, സിമി ടിജോ, ടി.എന്‍ ഷണ്‍മുഖന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ.എം ബബിത, കൃഷിവകുപ്പ് അങ്കമാലി അസി.ഡയറക്ടര്‍ ബി.ആര്‍ ശ്രീലേഖ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായി.
കൃഷിഭവൻ നൽകുന്ന സേവനങ്ങൾ എന്തെല്ലാം? കൃഷി ഓഫീസർ പറയുന്നു
ചടങ്ങിനോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് സൗജന്യ മണ്ണ് പരിശോധന നടത്തുന്നതിന് സൗകര്യമൊരുക്കി. രോഗ- കീട നിയന്ത്രണവും കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ബെറിന്‍ പത്രോസ് ക്ലാസെടുത്തു.
വിഎഫ്പിസികെ, അഗ്രോ സര്‍വ്വീസ് സെന്റര്‍ അങ്കമാലി ബ്ലോക്ക്, കാഞ്ഞൂര്‍ കൃഷിഭവനിലെ കര്‍ഷകരുടെ വിവിധ പച്ചക്കറി ഉത്പന്നങ്ങളുടെയും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടന്നു.
Share your comments