പാലക്കാട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ പൊതുധാരയില്‍ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയിലും ഉന്നത വിജയം നേടിയ കരിമ്പുഴ ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ നിരവധി ഭിന്നശേഷി സൗഹൃദ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജനനം മുതല്‍ 23 വയസ്സ് വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷി വിഭാഗക്കാരുടെയും വിവരം നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുന്നതിനും വിദ്യാലയ പ്രവേശനം നേടിയവരില്‍ തന്നെ ഏത് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീ സുരക്ഷയ്ക്ക് ‘സ്വധാർ ഗൃഹ്’; ഭിന്നശേഷിക്കാരായ അമ്മമാർക്ക് ‘മാതൃജ്യോതി’
വിദഗ്ധരായ ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ് സൈക്യാട്രിസ്റ്റ്, എജുക്കേഷനിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനം ഉറപ്പുവരുത്തും. ഇവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായങ്ങളും മറ്റാനൂകൂല്യങ്ങളും ഉറപ്പാക്കും. ജില്ലാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്റ്റോഴ്‌സ് പര്‍ച്ചേസ് നിയമമനുസരിച്ച് ആവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങി നല്‍കും. കാഴ്ച പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലി ലിപി ഉപകരണങ്ങള്‍ നല്‍കും. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020-22 ബാച്ചില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സമീറ സലീം, ഷീബ പാട്ടത്തൊടി, കെ.എം ഹനീഫ, എം. മോഹനന്‍ മാസ്റ്റര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആക്ടിങ് പ്രസിഡന്റ് ഡോ. സി. ഹബീബ്, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് വി.എന്‍ ചന്ദ്രമോഹന്‍, പി.ടി.എ പ്രസിഡന്റ് പി. മുരളീധരന്‍, പ്രധാനാധ്യാപകന്‍ പി.കെ രമേശ് മണ്ണാര്‍ക്കാട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ് അനിത, അന്ധവിദ്യാലയ അധ്യാപക പരിശീലന കേന്ദ്രം പ്രസിഡന്റ് കെ. സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.
Share your comments