
ഉപയോഗ ശൂന്യമായതോ, തരിശായതോ ആയ ഭൂമിയില്‍ പിഎം-കെഎസ്‌യുഎം പദ്ധതി പ്രകാരം വൈദ്യുതി ഉല്പാദിപ്പിച്ച് മികച്ച വരുമാനം ഉണ്ടാക്കാന്‍ കെ.എസ്.ഇ.ബി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം ഒരുക്കുന്നു.
തങ്ങളുടെ സ്ഥലത്ത് സ്വന്തമായി സൗരനിലയം സ്ഥാപിച്ചോ, പാട്ട വ്യവസ്ഥയില്‍ സ്ഥലം വിട്ടുനല്കിയോ നിങ്ങള്‍ക്ക് വരുമാനം നേടാം. രണ്ട് ഏക്കര്‍ മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള സ്ഥലത്ത് 500 കിലോവാട്ട് മുതല്‍ രണ്ട് മെഗാവാട്ട് വരെ ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാം.
ഈ പദ്ധതിയില്‍ 25 വര്‍ഷ കാലാവധിയുളള രണ്ട് മോഡലുകളാണുളളത്.
മോഡല്‍ 1:- മുതല്‍ മുടക്ക് പൂര്‍ണ്ണമായും കര്‍ഷകന്റേത്. കര്‍ഷകര്‍ക്ക് സ്വന്തം ചിലവില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് അതില്‍ നിന്ന് ലഭിക്കുന്ന സൗരോര്‍ജ്ജം കെ.എസ്.ഇ.ബി.എല്‍ ന് വില്‍ക്കാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് പരമാവധി 3 രൂപ 50 പൈസ വരെ ലഭിക്കും.
മോഡല്‍ 2:-കര്‍ഷകരുടെ ഭൂമി പാട്ട വ്യവസ്ഥയില്‍ കെ.എസ്.ഇ.ബി ഏറ്റെടുത്ത് സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുകയും അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ എന്ന നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥലവാടക നല്‍കുന്നതുമാണ്. ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും ഏകദേശം 25000 രൂപ വരെ പ്രതിവര്‍ഷം കര്‍ഷകന് ഈ പദ്ധതിയിലൂടെ ലഭിക്കും.
കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി മുന്‍കൂട്ടി നിശ്ചയിച്ച താരിഫ് പ്രകാരമോ ടെന്‍ഡര്‍ വഴി നിശ്ചയിക്കുന്ന താരിഫ് പ്രകാരമോ കെ.എസ്.ഇ.ബി വാങ്ങും. കൃഷിഭൂമിയോ, കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കില്‍ തരിശായതോ ആയ കര്‍ഷകരുടെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക.
പരമാവധി രണ്ട് മെഗാ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ്ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. അതിനാല്‍ കുറഞ്ഞത് രണ്ട് ഏക്കര്‍ മുതല്‍ എട്ട് ഏക്കര്‍ വരെ സ്ഥലലഭ്യത വേണം. കര്‍ഷകര്‍ക്ക് സ്വന്തം നിലയ്ക്കോ കുറച്ചുപേര്‍ ചേര്‍ന്നോ /കോ ഓപ്പറേറ്റിവ്സ് /പഞ്ചായത്ത് /ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ / വാട്ടര്‍ യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയില്‍ പങ്കുചേരാവുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446008275, 9446009451 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Share your comments