പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനകീയസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടിയിലെ വിള ആരോഗ്യ കേന്ദ്രത്തിലൂടെ കര്‍ഷകര്‍ക്ക് ഇനി വിലക്കുറവില്‍ ജൈവ കീടരോഗ നിയന്ത്രണോപാധികള്‍ ലഭിക്കും. പെരുമാട്ടി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രം മുഖേന ഓരോ കര്‍ഷകര്‍ക്കും നെല്ല്, തെങ്ങ്, വാഴ, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിവിധ വിളകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
പദ്ധതി മുഖേന പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് എല്ലാ സീസണിലും ബാധിക്കുന്ന ഓലകരിച്ചില്‍, പോളരോഗം എന്നിവയെ ചെറുക്കുന്നതിനായി സ്യൂഡോമോണാസ്, ട്രൈക്കോഡര്‍മ, ബിവേറിയ, മെറ്റാറൈസിയം എന്നീ ജൈവ കീട നിയന്ത്രണോപാധികളാണ് 80 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.
വിവിധ വിളകളിലെ കീടരോഗ നിയന്ത്രണ ഉപദേശങ്ങള്‍ക്കായി വിള പരിപാലന കേന്ദ്രത്തിലേക്ക് എത്തുന്ന കര്‍ഷകര്‍ക്ക് ഇനി പ്രതിരോധത്തിനായി കീടരോഗ നിയന്ത്രണപാധികളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുമാട്ടി കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ കൃഷി ഓഫീസര്‍ ശ്രീദേവി, അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആര്‍. അനിലി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Share your comments