സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു തൊഴിലുറപ്പ് പദ്ധതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും,പ്രവൃത്തിദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് നൂറ്റമ്പതായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി ദിനങ്ങളിലും നടപ്പിലാക്കാവുന്ന പ്രവര്‍ത്തനങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കാര്‍ഷിക മേഖലയിലെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കാനാകുമെന്ന് കൃഷി മന്ത്രി പറഞ്ഞു.നടപ്പിലാക്കാവുന്ന പ്രവൃത്തികളുടെ കാര്യത്തിലും സംസ്ഥാനത്തിനനുകൂലമായ ഭേദഗതികള്‍ ആക്റ്റില്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ എത്രയും വേഗം രൂപീകരിച്ച് നടപ്പിലാക്കിത്തുടങ്ങണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലകളില്‍ മണ്ഡലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലായി വിവിധ ഏജന്‍സികളെയും പദ്ധതി ഘടകങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് മാതൃകാ പ്രവര്‍ത്തനങ്ങളും ഉടന്‍ തന്നെ ആരംഭിക്കുന്നതായിരിക്കും.
കൃഷി ഭൂമിയില്‍ അടിഞ്ഞു കൂടിയ ചെളി, മണ്ണ് അവശിഷ്ടങ്ങള്‍ എന്നിവ മാറ്റി കൃഷി ഭൂമി അഭിവൃദ്ധിപ്പെടുത്തുക, കൃഷിനാശം നേരിട്ട വിളകള്‍ മാറ്റി പുതുകൃഷിക്കു നിലം ഒരുക്കുക, തൈകള്‍ നട്ടു പിടിപ്പിക്കുക, കയ്യാല നിര്‍മ്മാണം, പ്രളയത്തില്‍ നശിച്ചുപോയിട്ടുള്ള പച്ചക്കറി കൃഷിക്കുള്ള ഭൂമി.അഭിവൃദ്ധിപ്പെടുത്തല്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, ഗതിമാറി ഒഴുകിയ പുഴകളുടെയും തോടുകളുടെയും അറ്റകുറ്റപ്പണികള്‍,കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം എന്നിവ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ പഞ്ചായത്തുകളില്‍ എത്രയും വേഗം പൂര്‍ത്തിയാക്കുവാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.
കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, നടീല്‍ വസ്തുകളുടെ വിതരണം, വിള ഇന്‍ഷൂറന്‍സ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതായിരിക്കും. കാര്‍ഷിക സര്‍വ്വകലാശാല, ഗവേഷണ കേന്ദ്രങ്ങള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മുതലുള്ള കാര്‍ഷിക ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരുടെയും സഹകരണം പുനരുജ്ജീവന പ്രവൃത്തികളിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Share your comments