എറണാകുളം: ഓണത്തെ വരവേൽക്കാനൊരുങ്ങി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ചെണ്ടുമല്ലി പാടങ്ങൾ. മണ്ഡലം എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി, കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്നീ പദ്ധതികളുടെ ഭാഗമായി തുടങ്ങിയ പൂകൃഷി ഇത്തവണ നൂറുമേനിയാണ് വിളവെടുക്കുന്നത്. കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തുകളിലും ഏലൂർ, ആലുവ മുനിസിപ്പാലിറ്റികളിലായി 13 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണത്തിന് പൂക്കളം ഒരുക്കാൻ പൂ കൃഷി, ഏലൂർ മുനിസിപ്പാലിറ്റി കൃഷി ഭവന്റെ ഓണത്തിന് ഒരു പൂക്കുട എന്ന ആശയങ്ങൾ മുൻനിർത്തി എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ചു ജൂൺ 3ന് ആത്മ (അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി) പൂ കർഷകർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. നിലം ഒരുക്കൽ, തൈ നടൽ, പ്രൂനിംഗ്, വിളവെടുപ്പ് തുടങ്ങി കൃഷിയിലെ വിവിധതലങ്ങളെ കുറിച്ച് ശാസ്ത്രീയമായ അറിവ് കർഷകർക്ക് പകർന്നു നൽകുന്നതിനായിരുന്നു പരിശീലനം.
ബന്ധപ്പെട്ട വാർത്തകൾ: ചെണ്ടുമല്ലി കൃഷി ആരംഭിക്കാം
ആലങ്ങാട് ബ്ലോക്കിൽ 70 പേരും ഏലൂരിൽ 41 പേരും പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് നേരത്തെതന്നെ കൃഷി ഒരുക്കാനായുള്ള തൈകൾ ആത്മ പരിശീലനത്തിന്റെ ഭാഗമായി നൽകി. നിർദ്ദേശങ്ങൾ അടങ്ങിയ ആത്മയുടെ വിശദമായ ലീഫ് ലെറ്റും കർഷകർക്ക് വിതരണംചെയ്തു. പൂ കൃഷി ഉത്പാദക സംഘം രൂപീകരിച്ചാണ് കൃഷിയുടെ മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ത്രിതല പഞ്ചായത്ത്, സഹകരണ ബാങ്കുകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ കൃഷി ചെയ്യുന്നുണ്ട്. കൃഷി വകുപ്പിന് കീഴിലെ ആത്മ, എസ്.എച്ച്.എം (സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ), കൃഷി ഭവനുകൾ, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവ കർഷകർക്ക് സാങ്കേതിക സഹായം നൽകുന്നുണ്ട്. കൂടുതൽ സഹായങ്ങൾക്ക് കാർഷിക യൂണിവേഴ്‌സിറ്റി, കൃഷി ഓഫീസർമാർ, ശാസ്ത്രജ്ഞർ എന്നിവർ ഉൾപ്പെട്ട ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രവുമുണ്ട്.
ഇത്തവണ ജൂൺ ആദ്യ വാരം കൃഷി ആരംഭിച്ചവർക്ക് കൃത്യമായി കഴിഞ്ഞ ആഴ്ച മുതൽ പൂ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം കൃഷിക്ക് നല്ല സ്വീകാര്യത ലഭിച്ചതിനാൽ ഇത്തവണ നിരവധി പേർ ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്. തൈകൾ പ്രധാനമായും അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന എന്നിവ വഴിയും തൃശൂർ ആസ്ഥാനമായിയുള്ള കെ.ടി.ജി ഗ്രൂപ്പ് വഴിയുമാണ് ലഭ്യമായത്.
എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രയിലെ സബ്ജക്ട് മാറ്റർ എക്സ്പെർട്ട് ഷോജി ജോയ് എഡിസൺ ആത്മ ബി.ടി.എം (ബ്ലോക്ക് ടെക്നോളജി ഓഫീസർ) ആയ ടി. എൻ നിഷിൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച 'ആലങ്ങാട് പൂ കർഷകർ" എന്ന വാട്സ്ആപ് ഗ്രൂപ്പ് വഴി കർഷകരുടെ കൃഷിയിടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും നിർദ്ദേശങ്ങളും നൽകി വരുന്നു.
Share your comments