കേരള പഞ്ചായത്ത് രാജ് ആക്ട്, സെക്ഷൻ 236, കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 സെക്ഷൻ 12 പ്രകാരം, കെട്ടിട നിർമ്മാണത്തിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ചതിനുശേഷം 30 ദിവസത്തിനുള്ളിൽ നിർമ്മാണത്തിനുള്ള അനുമതി സെക്രട്ടറി കൊടുക്കണമെന്നാണ് ചട്ടം.
എന്നാൽ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ആവശ്യപ്പെടുവാനോ, തെറ്റായ അപേക്ഷ നിരസിക്കുവാനോ, കൃത്യമായ അപേക്ഷ സ്വീകരിക്കുവാനോ സെക്രട്ടറിക്ക് അധികാരമുണ്ട്.
എന്തായാലും രേഖാമൂലം വിവരം അപേക്ഷകനെ അറിയിക്കേണ്ടതുണ്ട്. പോരായ്മകൾ പരിഹരിച്ചതിനുശേഷമുള്ള അപേക്ഷ വീണ്ടും സമർപ്പിച്ചതിനു ശേഷമുള്ള 30 ദിവസത്തിനുള്ളിൽ പെർമിറ്റ് ലഭിക്കേണ്ടതാണ്.
എന്നാൽ യാതൊരു അറിയിപ്പും പഞ്ചായത്തിൽ നിന്നും ലഭിക്കാതെ വന്നാൽ 60 ദിവസം കഴിയുന്നമുറയ്ക്ക് കൊടുത്തിട്ടുള്ള പ്ലാൻ പ്രകാരം കെട്ടിട നിർമ്മാണം തുടങ്ങുവാൻ പോകുന്ന തീയ്യതി സൂചിപ്പിച്ചുകൊണ്ട് പഞ്ചായത്തിന് വീണ്ടും ഒരു അപേക്ഷ ഗുണഭോക്താവ് സമർപ്പിക്കേണ്ടതാകുന്നു.
സെക്ഷൻ 14 പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറി, മേൽ സൂചിപ്പിച്ച ഗുണഭോക്താവ് സമർപ്പിച്ച അപേക്ഷയുടെ കോപ്പിയിൽ തീയ്യതിയും സ്ഥാപനത്തിന്റെ സീലും പതിച്ചു രശീതിയായി, അതേ ദിവസം തന്നെ അപേക്ഷകന് കൈ മാറേണ്ടതുണ്ട്. ഇത് ഡീംഡ് പെർമിറ്റ് ആയി കണക്കാക്കപ്പെടുന്നു.
ഇപ്പോൾ കെട്ടിട നിർമ്മാണ അനുമതി ലഭിച്ചതായി കണക്കാക്കി, നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ അപേക്ഷകന് അവകാശമുണ്ട്. എന്നാൽ കെട്ടിട നിർമ്മാണ നിയമവും ചട്ടങ്ങളും കൃത്യമായി പാലിക്കാൻ അപേക്ഷകന് ബാധ്യതയുണ്ട്.
കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ സെക്രട്ടറിക്കാണ് അധികാരമുള്ളത്. പഞ്ചായത്ത് ഭരണാസമിതിക്ക് സെക്ഷൻ 235K പ്രകാരമുള്ള റഫറൻസ് അധികാരങ്ങളാണുള്ളത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സെക്രട്ടറിക്കാണ്.
Courtesy - Consumer group Mundur
Share your comments