പുതിയ വാഹനങ്ങൾക്ക് താത്കാലിക രജിസ്‌ട്രേഷൻ അനുവദിക്കുന്നത് നിർത്തലാക്കും. രജിസ്‌ട്രേഷന് മുമ്പേയുള്ള വാഹനപരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫാൻസി നമ്പർ ബുക്കു ചെയ്യുന്ന വാഹനങ്ങൾ, കോച്ച് നിർമിക്കേണ്ടവ, മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ടവ എന്നിവയ്ക്ക് മാത്രമാകും താത്കാലിക രജിസ്‌ട്രേഷൻ.
മറ്റു വാഹനങ്ങൾക്ക് ഷോറൂമിൽനിന്നുതന്നെ സ്ഥിരം രജിസ്‌ട്രേഷൻ അനുവദിക്കും. ഉടമയുടെ ആധാർ വിവരങ്ങൾ ഇതിനായി നൽകണം. അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ചതിന്റെ വിശദാംശങ്ങൾ ‘വാഹൻ’ വെബ്‌സൈറ്റിൽ നൽകിയാലെ വാഹനം പുറത്തിറക്കാൻ അനുമതി നൽകൂ.
നിലവിൽ എല്ലാ വാഹനങ്ങൾക്കും 30 ദിവസത്തേക്ക് താത്കാലിക രജിസ്‌ട്രേഷൻ നൽകുന്നുണ്ട്. ഇതിനുള്ളിൽ പരിശോധനയ്ക്ക് ഹാജരാക്കി സ്ഥിരം രജിസ്‌ട്രേഷൻ നേടണം. ഈ വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാത്തത് വാഹനരജിസ്‌ട്രേഷൻ സോഫ്റ്റ്‌വേറിൽ മാറ്റം വരാത്തതുകൊണ്ടാണെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. ഉടമയുടെ ആധാർ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ഒഴിവാക്കാൻ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
എന്നാൽ ആധാർ ഉൾപ്പെടുത്തുന്നതിനുള്ള സജ്ജീകരണം ഇനിയും കേന്ദ്രം ഏർപ്പെടുത്തിയിട്ടില്ല.
Share your comments