ആലപ്പുഴ : ഭൂമിയെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികളിലേക്ക് കേരളം മാറുകയാണെന്ന് കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണാട്ടുകര വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിളകളെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതി മാറേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടനയും കാലാവസ്ഥയുമൊക്കെ കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ വിള കൃഷി ചെയ്യണം. ഇപ്രകാരം ഓരോ സ്ഥലത്തും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വിളകളെക്കുറിച്ചും എത്രമാത്രം ഉത്പാദനം സാധ്യമാണ് എന്നതു സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. കൃഷിയിടത്തില്‍ നിന്ന് തുടങ്ങുന്ന ആസൂത്രണ സംവിധാനമാണ് സംസ്ഥാനം ഇനി കാണാന്‍ പോകുന്നത്.
കൃത്യമായ ആസൂത്രണത്തോടെ കൃഷി നടത്തുന്നതിനൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനുമുള്ള സംവിധാനങ്ങളും കൃഷിവകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും വേണം.
വൈവിധ്യമാര്‍ന്ന കാര്‍ഷിക പശ്ചാത്തലമുള്ള മേഖലയാണ് ഓണാട്ടുകര. ക്രിയാത്മക ഇടപെടലിലൂടെ ഇവിടുത്തെ കാര്‍ഷിക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷയായി. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍, ഓണാട്ടുകര വികസന ഏജന്‍സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,
ഓണാട്ടുകര വികസന ഏജൻസി സെക്രട്ടറിയും പ്രിൻസിപ്പൽ കൃഷി ഓഫീസറുമായ സിബി റ്റി നീണ്ടിശ്ശേരിൽ ,ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മിനി വി.
തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
Share your comments