സ്വര്‍ണം പണയത്തിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമായിരുന്ന കാര്‍ഷിക വായ്പ നിര്‍ത്തലാക്കുന്നു. മൂന്ന് ലക്ഷം രൂപ വരെ കാര്‍ഷിക വായ്പയിലൂടെ ലഭ്യമായിരുന്നു. നാല് ശതമാനമായിരുന്നു കാര്‍ഷ വായ്പയുടെ പലിശ നിരക്ക്. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ സ്വര്‍ണ പണയത്തിന്മേല്‍ കാര്‍ഷിക വായ്പ നല്‌കേണ്ടതില്ല എന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.പലിശ സബ്‌സിഡിയുള്ള കാർഷികവായ്‌പ ഒക്ടോബർ ഒന്നുമുതൽ കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്ക് മാത്രമാണ് ലഭിക്കുക.
ഇത്തരം വായ്‌പകളിലൂടെ കർഷകകർക്ക് ലഭിക്കേണ്ട പലിശ സബ്‌സിഡി വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന കണ്ടെത്തിലിനെത്തുടർന്നാണ് കേന്ദ്ര നടപടി.കുറഞ്ഞ പലിശ നിരക്കായതിനാല്‍ നിരവധി പേര്‍ ഈ പദ്ധതിയിലൂടെ വായ്പ എടുത്തിരുന്നു. വായ്പ എടുക്കുന്നതില്‍ ഭൂരിഭാഗവും അനര്‍ഹരാണെന്നും ഇവരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര കൃഷിമന്ത്രിക്കും കത്തയിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.സംസ്ഥാനത്ത് 16 ലക്ഷത്തിൽപരം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകളായ കർഷകരുണ്ട്.
ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിര്‍ത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്ടുദിവസത്തിനകം അറിയിക്കാനാണ് ബാങ്കുകള്‍ക്ക് കിട്ടിയ നിര്‍ദേശം...ബാങ്കുകള്‍ എല്ലാ ശാഖകളിലേക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി. ഇനി സ്വര്‍ണപ്പണയ കാര്‍ഷികവായ്പ നല്‍കരുതെന്നും എത്രയുംവേഗം തീരുമാനം അറിയിക്കണമെന്നും ശാഖകള്‍ക്കുള്ള നിര്‍ദേശത്തില്‍ ബാങ്ക് മേധാവികള്‍ വ്യക്തമാക്കി.ഒന്‍പത് ശതമാനമാണ് യഥാര്‍ഥ പലിശനിരക്കെങ്കിലും ഈ വായ്പയ്ക്ക് അഞ്ച് ശതമാനം സബ്‌സിഡിയുണ്ട്..മൂന്ന് ശതമാനം കേന്ദ്രവും രണ്ട് ശതമാനം സംസ്ഥാനവും വഹിക്കും. എസ്.ബി.ഐയുടെ 15,219 കോടി ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം മാത്രം കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം അധികം വായ്പ നല്‍കിയെന്നാണ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്.
ഇനി കാര്‍ഷിക വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി.) ഉള്ളവര്‍ക്ക് മാത്രം നല്കണം എന്നാണ് പുതിയ നിര്‍ദേശം. എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതുവഴി അനര്‍ഹരെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നല്‍കാവൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനര്‍ഹരിലേക്ക് എത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കേരള സര്‍ക്കാരിന്റെ കത്തിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആര്‍.ബി.ഐ, നബാര്‍ഡ്, എസ്.എല്‍.ബി.സി എന്നിവയുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണ് കെ.സി.സി വായ്പ.
Share your comments