എല്ലാവരെയും കർഷകരാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളത്തെ കാർഷിക സംസ്കാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
കർഷകരെ കൈപിടിച്ചുയർത്താൻ എല്ലാ വിധത്തിലും സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാകുന്ന സുസ്ഥിര വികസന പാതയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എല്ലായിടങ്ങളിലും കൃഷി ചെയ്യണം. കോവിഡ് കാലത്ത് കൃഷി ചെയ്ത് ജില്ലയെ തരിശ് രഹിത ഭൂമിയാക്കുന്നതിൽ നാം വിജയിച്ചു. നെൽകൃഷിയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും കഴിഞ്ഞു. ഇത്തരത്തിൽ പച്ചക്കറി കൃഷിയുടെ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്
എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് കേരള ചരിത്രം തിരുത്താനുള്ള കാർഷിക മുന്നേറ്റത്തിനുള്ള വേദി കൂടിയാണ് ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയെന്നും മന്ത്രി കൂട്ടിചേർത്തു.
കാർഷികമേഖലയിൽ സ്ഥിരവും സ്ഥായിയായതുമായ വിശാലവികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വിത്ത് വിതരണം മുതൽ മൂല്യവർദ്ധിത വസ്തുക്കളുടെ വിപണനവും കൃഷിയും വ്യവസായവും കൂട്ടിയിണക്കി നിരവധി സാധ്യതകളാണ് ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
ജില്ലാ കലക്ടർ ഹരിത വി കുമാർ പദ്ധതി വിശദീകരണം നടത്തി. മേയർ എം കെ വർഗീസ് സോയിൽ ഹെൽത്ത് കാർഡ് വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തൈ വിതരണോദ്ഘാടനവും നിർവഹിച്ചു.
കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസേർച്ച് ഡോ.ടി കെ കുഞ്ഞാമു "കാർബൺ തുലിത കൃഷി രീതികൾ" എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. കാലാവസ്ഥ വ്യതിയാനവും മനുഷ്യൻ വരുത്തുന്ന മാറ്റങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. ജൈവ കൃഷിരീതികൾ എന്ന വിഷയത്തെ സംബന്ധിച്ച് റിട്ട.കൃഷി ജോയിന്റ് ഡയറക്ടർ വി എസ് റോയ് ക്ലാസ് നയിച്ചു.
ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് നഫീസ കെ വി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത് ലാൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.എ ലത,പ്രോഗ്രാം കോർഡിനേറ്റർ ഡോ.സുമ, സംസ്ഥാന തല കർഷക അവാർഡ് ജേതാവ് പി വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Share your comments