കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി കേരള സർക്കാർ.
പകർച്ചവ്യാധിയും ലോക്ക് ഡൗണും കാരണം ഉപജീവനമാർഗം നഷ്ടപ്പെട്ട് കഷ്ടത്തിലായ കലാകാരൻമാർക്ക് കേരള സാംസ്കാരിക വകുപ്പ് ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. അഞ്ച് വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൊവിഡ്-19 ധനസഹായ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കലാകാരന്മാർക്കാണ് പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുക. സർക്കാർ/ പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിൽനിന്ന് പ്രതിമാസ ശമ്പളമോ പെൻഷനോ വാങ്ങിക്കുന്നവർ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അർഹരല്ല.
സർക്കാരിന്റെ കൊവിഡ് ധനസഹായ പദ്ധതിയിലൂടെ നേരത്തെ ധനസഹായം ലഭിച്ചവരും പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കാൻ അർഹരായിരിക്കില്ല.
ചലച്ചിത്ര അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ പരിധിയിൽ വരുന്ന കലാകാരന്മാർക്ക് അപേക്ഷിക്കാം. വിവിധ കലാ വിഭാഗങ്ങളുടെ പട്ടിക സൈറ്റിൽ നൽകിയിട്ടുണ്ട്.
http://www.keralaculture.org/covid-relief-scheme എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൊവിഡ് ധനസഹായത്തിനുള്ള ഓൺലൈൻ അപേക്ഷാഫോം സൈറ്റിൽനിന്ന് ലഭിക്കും.
കഴിഞ്ഞ അഞ്ച് വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കലാപ്രവർത്തനം ഉപജീവനമാർഗമാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം (തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി/ സെക്രട്ടറി/ ഗസറ്റഡ് ഓഫിസർ/ എംപി/ എംഎൽഎ ഇവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയത്),
ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0487–2331069, 9447134149 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
Share your comments