കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലക്കുളത്തൂർ പഞ്ചായത്തിലെ പുതുക്കാട്ടു കടവ് - മാട്ടത്ത് റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 11,000 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് മത്സ്യത്തൊഴിലാളി മേഖലയിൽ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് ആവശ്യമായ പശ്ചാത്തലമൊരുക്കുന്നതിന്റെ ഭാഗമായാണ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന റോഡ് നിർമ്മിച്ചത്. 62 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. അകലാപുഴയുടെ തീരത്തോട് ചേർന്ന് 637 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് സജ്ജരാക്കും; മന്ത്രി
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, പ്രജിത കെ. ജി, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി. ഗീത, വാർഡ് മെമ്പർ സുമ ടി. കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീള സ്വാഗതവും റോഡ് വികസന കമ്മിറ്റി അംഗം ശേഷൻ യു. കെ നന്ദിയും പറഞ്ഞു.
Share your comments