
1. തൃശ്ശൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം ലൈവ് ഫിഷ് വെന്റിംഗ് സെന്റര്‍ (യൂണിറ്റ് കോസ്റ്റ് - 20 ലക്ഷം), മിനി ഫീഡ് മില്‍ (യൂണിറ്റ് കോസ്റ്റ് - 30 ലക്ഷം), പെന്‍ കള്‍ച്ചര്‍ (യൂണിറ്റ് കോസ്റ്റ് - മൂന്ന് ലക്ഷം) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 40 ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭ്യമാണ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഏപ്രില്‍ 16-ാം തീയതി വൈകുന്നേരം നാലു മണിക്ക് മുൻപായി അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴിക്കോട്/ചേറ്റുവ/ചാലക്കുടി/നാട്ടിക/ചാവക്കാട്/പിച്ചി) സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2421090, 9746595719 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
2. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം മുതല്‍ 45 ദിവസം വരെ പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് 9495000923, 9744848325 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ നേരിട്ട് കൊട്ടിയം ഫാമില്‍ എത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയോ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളിലും നാളെ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തി പ്രാപിക്കാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments