തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താൻ ഒരുങ്ങുകയാണ് എറണാകുളം ജില്ലയിലെ ശുചിത്വ മിഷനും ഹരിത കേരളം മിഷനും. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന ഇലക്ഷൻ കമ്മിഷന്റെ നിർദേശം പാലിച്ചാണ് ഇരു മിഷനുകളുടെയും പ്രവർത്തനം. ഹരിത ഇലക്ഷനിലൂടെ മാലിന്യമുക്ത കേരളമാണ് ലക്ഷ്യം. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളക്സ് ബോർഡ് ഉൾപ്പെടെയുള്ള എല്ലാ അജൈവ വസ്തുക്കളുടെയും ഉപയോഗം ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.
പ്രചാരണത്തിന് ചുവരെഴുത്തുകൾ, പരുത്തി തുണികൾ, പനമ്പായ, പുൽപ്പായ, ഓല, ഈറ്റ, മുള, പാള എന്നിവ ഉപയോഗിക്കണം. അനുമതിയുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാം.
കോട്ടൺ തുണി, പേപ്പർ എന്നിവ ഉപയോഗിച്ചു മാത്രമേ കൊടി തോരണങ്ങൾ നിർമിക്കാവൂ.
പ്രചാരണ സമയത്തും മറ്റ് അനുബന്ധ പരിപാടികളിലും ഭക്ഷണ - കുടിവെള്ള വിതരണങ്ങൾക്കായി ഡിസ്‌പോസിബിൾ പ്ലേറ്റുകൾക്കു പകരം സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസുകൾ, മൺപാത്രങ്ങൾ എന്നിവ മാത്രം ഉപയോഗിക്കണം.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളെല്ലാം പ്രകൃതി സൗഹൃദമായിരിക്കണം.
തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ചു കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പു വരുത്തണം.
ബോധവത്കരണത്തിനും ബൂത്തുകളിൽ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനുമായി ഗ്രീൻ വൊളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തും.
തിരഞ്ഞെടുപ്പിനു ശേഷം പ്രചാരണ വസ്തുക്കളും വോട്ടേഴ്‌സ് സ്ലിപ്പുകളും തരംതിരിച്ച് ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി അവ പുനഃചംക്രമണം ചെയ്യണം.
Share your comments