വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലെ ഹരിതമതില്‍ സഞ്ചാരികള്‍ക്ക് കൗതുകമാവുകയാണ്. ഗ്രാമങ്ങളും കൃഷിത്തോട്ടങ്ങളും നിറഞ്ഞ പരിസ്ഥിതിയോട് ഇണങ്ങി നില്‍ക്കുന്ന ഭൂപ്രദേശമാണ റാസല്‍ഖൈമ. മാമ്പൂ വിരിയുകയും കണിക്കൊന്ന പൂക്കുകയും ചെയ്യുന്ന മലയോരഗ്രാമങ്ങള്‍ ഒട്ടേറെയുള്ള കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഹരിത വര്‍ണമുള്ള ഒരിടം .
പത്തു വര്‍ഷമായി ടൂറിസംമേഖലയില്‍ വന്‍മുന്നേറ്റം നടത്തുന്ന എമിറേറ്റ് കൂടിയാണ് റാസല്‍ഖൈമ. എമിറേറ്റ്സ് റോഡില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് പ്രവേശിക്കുമ്പോഴാണ് ഹരിതമതില്‍ ഒരുക്കിയിട്ടുള്ളത്.അഞ്ഞൂറു മീറ്ററിലധികം നീണ്ടുകിടക്കുന്ന വൃക്ഷസഞ്ചയമാണ് മതില്‍. രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുള്ള മതില്‍ ദൂരേ നിന്നു നോക്കിയാല്‍ പച്ചനിറത്തിലുള്ള പെയിന്റ് അടിച്ചതാണന്നേ തോന്നൂ. അടുത്തെത്തുമ്പോഴാണ് പ്രകൃതി ഒരുക്കിയ മതിലാണെന്ന് ബോധ്യപ്പെടുക.
ഇവിടുത്തെ കണ്ടല്‍ക്കാടുകള്‍ ഭാഗികമായി നികത്തി കെട്ടിടങ്ങള്‍ പണിതെങ്കിലും ജൈവിക ആവാസവ്യവസ്ഥ നിലനിന്ന ഇടമായതിനാലാവാം ഈ പ്രദേശത്ത് ധാരാളം ചെടികള്‍ ഇപ്പോഴും തഴച്ചു വളരുന്നുണ്ട്. ധാരാളം കണ്ടല്‍ക്കാടുകള്‍ ഇതിനടുത്ത പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട്. ഇലകള്‍ ഏറെ പടര്‍ത്തുന്ന ചെറുവൃക്ഷങ്ങളാണ് ഇവിടെ ഇടതൂര്‍ന്നു നില്‍ക്കുന്നത്. ഈ ഹരിതമതിലിന് അലങ്കാരമായി താഴെ ഇടവിട്ട് വെള്ളയും ചുവപ്പും കരിംകാപ്പി നിറത്തിലുമായി പൂവിട്ടുനില്‍ക്കുന്ന പൂച്ചെടികള്‍ ധാരാളം കാണാം. പരിസ്ഥിതി മന്ത്രാലയത്തിന്റെയും നഗരവികസന വിഭാഗത്തിന്റെയും പരിരക്ഷയില്‍ സൂക്ഷ്മതയോടെയാണ് ഈ ഹരിതമതില്‍ പരിപാലിക്കുന്നത് .
ജബല്‍ ജയിസ് മലനിരകളും കാര്‍ഷികതോട്ടങ്ങളും ചരിത്രസ്മാരകങ്ങളും കാണാന്‍ ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. റാസല്‍ഖൈമയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ചയായി ഹരിതമതില്‍ മാറിക്കഴിഞ്ഞു. ഒരുവശത്ത് നിന്നാല്‍ മറുവശം കാണാന്‍ കഴിയില്ല എന്നതാണ് ഹരിത മതിലിന്റെ പ്രത്യേകത. വലിയ ഒരു കോട്ടമതില്‍ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഹരിതമതില്‍ കടന്നു മാത്രമേ റാസല്‍ഖൈമയുടെ ഹൃദയഭാഗമായ ഓള്‍ഡ് റാസല്‍ഖൈമ എന്നു വിളിപ്പേരുള്ള പട്ടണത്തിലേക്കും പ്രധാനനഗരമായ അല്‍ നക്കീലിലേക്കും പ്രവേശിക്കാന്‍ കഴിയൂ.റാസല്‍ഖൈമയുടെ സ്വാഗതകവാടം പോലെ ഏവര്‍ക്കും കൗതുകമായി മാറുകയാണ് ഈ ഹരിതമതില്‍.
Share your comments