ഹരിതകേരളം മിഷന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഹരിതം 2017 പ്രദര്‍ശനം തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയില്‍ തുടങ്ങി. വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്‍റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന ഹരിതകേരളം മിഷന്‍റെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയാണ് പ്രദര്‍ശനം. ഡിസംബര്‍ 17 വരെ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.
കേരളത്തിന്‍റെ വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുത്ത് സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ഹരിതകേരളം മിഷന്‍റെ പ്രഖ്യാപിത ലക്ഷ്യം അന്വര്‍ത്ഥമാക്കുന്ന പ്രദര്‍ശനമാണ് ഹരിതം 2017. പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ അവലംബിച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ ഓല മേഞ്ഞ കൂരകള്‍ കൊണ്ടാണ് പവലിയനുകള്‍ തീര്‍ത്തിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ നാടന്‍ കലകളുടെ അവതരണം ഉള്‍പ്പെടുത്തി സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments