1. കനത്ത മഴയെ തുടർന്ന് കേരളത്തിൽ വ്യാപക കൃഷി നാശം. തൃശൂർ ജില്ലയിലെ ചേർപ്പ് പഞ്ചായത്തിൽ 75 ഏക്കറോളം കൃഷി പൂർണമായും നശിച്ചു. കഴിഞ്ഞ ദിവസമാണ് 110 ഏക്കറോളം വരുന്ന പാടത്ത് നെല്ല് നട്ടത്. ഏകദേശം നാൽപത് ലക്ഷത്തോളം നഷ്ടം സംഭവിച്ചതായി കർഷകൻ നസീർ പറയുന്നു. വെള്ളക്കെട്ട് തടയാൻ പമ്പിംഗ് സംവിധാനങ്ങൾ ഇല്ലാത്തതും കൃഷി നാശത്തിന് വഴിയൊരുക്കി. കനത്ത മഴമൂലം എറണാകുളം കവളങ്ങാട് പഞ്ചായത്തിലെ കർഷകരും ദുരിതത്തിലായി. 15 കർഷകരുടെ മൂവായിരത്തിലധികം വരുന്ന കുലച്ച ഏത്തവാഴകളാണ് നശിച്ചത്.
വയനാട്ടിൽ വിളവെടുക്കാറായ നെൽവയലുകളിൽ വെള്ളം കയറിയതാണ് മറ്റൊരു പ്രതിസന്ധി. അപ്രതീക്ഷിത മഴയിൽ കൊയ്ത നെല്ല് പാടത്ത് നിന്ന് മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ്. നെൽകൃഷി കൂടാതെ കവുങ്ങ് കർഷകരും മഴ മൂലം നഷ്ടം നേരിട്ടവരാണ്. അടയ്ക്ക പറിക്കാൻ സാധിക്കാത്തതും വിലയിടിവും മൂലം കർഷകർ നട്ടം തിരിയുകയാണ്. തുടർച്ചയായ മഴമൂലം ജലനിരപ്പ് ഉയരുന്നതിനാൽ അപ്പർ കുട്ടനാട്ടിലെ വേനൽകൃഷി വൈകുന്നു. പലയിടങ്ങളിലും ഭാഗികമായി മാത്രമാണ് നിലമൊരുക്കൽ നടന്നത്. ശേഖരിക്കുന്ന വിത്തുകൾ ഈർപ്പം തട്ടി നശിക്കുമെന്ന ഭീതിയിലാണ് പാടശേഖര സമിതികൾ.
ബന്ധപ്പെട്ട വാർത്തകൾ: ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശയിളവ് തുടരും..കൃഷി വാർത്തകളിലേയ്ക്ക്
2. പച്ചത്തേങ്ങ സംഭരിക്കാൻ 55 കേന്ദ്രങ്ങൾ കൂടി വരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരഫെഡ് 27 കേന്ദ്രവും VFPCK 28 കേന്ദ്രവും തുടങ്ങാൻ നിർദേശിച്ചതായും ഇതിൽ 22 എണ്ണം മൊബൈൽ സംഭരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ 79 സംഭരണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ മാസം 1 വരെ വിവിധ കേന്ദ്രങ്ങൾ വഴി 6001.12 ടൺ തേങ്ങ സംഭരിക്കാൻ സാധിച്ചതായും സംഭരണത്തിലൂടെ 18 കോടി രൂപ കേരഫെഡ് കർഷകർക്ക് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
3. കേരളത്തിലെ 10,760 കൃഷി സ്ഥലങ്ങൾ മാതൃകാ കൃഷിയിടമാക്കി വികസിപ്പിക്കാനൊരുങ്ങി കൃഷി വകുപ്പ്. കൃഷിയിടത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തിരഞ്ഞെടുത്ത കർഷകരുടെ സ്ഥലങ്ങളാണ് മാതൃകാ കൃഷിയിടങ്ങളാക്കി മാറ്റുക. പദ്ധതിയുടെ ഭാഗമായി ഒരു കൃഷിഭവനിൽ പത്ത് കർഷകരെ തെരഞ്ഞെടുക്കും. പത്ത് സെന്റ് മുതൽ രണ്ട് ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരെയാണ് തിരഞ്ഞെടുക്കുക. ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി 100 കർഷക ഉൽപാദക സംഘങ്ങൾ രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
4. കൊല്ലം ജില്ലയിൽ 500 ഏക്കറിൽ തുള്ളിനന കൃഷി നടത്താൻ കൃഷി വകുപ്പിന്റെ അനുമതി. 250 ഏക്കറിൽ വാഴ കൃഷിയും ബാക്കി സ്ഥലത്ത് പച്ചക്കറി കൃഷിയും ചെയ്യാനാണ് തീരുമാനം. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ തുള്ളിനന കൃഷി ഏറെ പ്രയോജനം ചെയ്യും. വാഴകൾ രണ്ടര മീറ്റർ അകലത്തിലും പച്ചക്കറി തൈകൾ അരമീറ്റർ അകലത്തിലും നട്ട് ഡ്രിപ്പുകൾ സ്ഥാപിച്ചാണ് കൃഷി ചെയ്യുക. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെ തന്നെയാണ് വളപ്രയോഗവും. താൽപര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ നൽകിയാൽ പരിശീലനം ലഭിക്കുമെന്ന് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
5. കേരള ജൈവ കർഷക സമിതിയുടെ നേതൃത്വത്തിൽ ജൈവകൃഷി പരിശീലനം സംഘടിപ്പിച്ചു. ഷൊർണൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ അക്യുപങ്ചർ ഫെഡറേഷൻ ഓഫ് കേരളയിൽ നിന്നും ഇരുപത് പ്രവർത്തകൾ പങ്കെടുത്തു. 'ജൈവകൃഷിയിലൂടെയും ആരോഗ്യ ഭക്ഷണത്തിലൂടെയും രോഗമുക്തജീവിതം കെട്ടിപ്പടുക്കാം' എന്ന വിഷയത്തിൽ അശോക കുമാർ വി, കെപി ഇല്യാസ്, ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ എടുത്തു.
6. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 'കേരഗ്രാമം' പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനവും ഇതിനോടൊപ്പം നടന്നു. തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവളം-കീടനാശിനി വിതരണം, ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടീൽ, ഇടവിള കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക സെമിനാറുകൾ, കിസാൻമേള, വിവിധ വകുപ്പുകളുടെ പ്രദർശന-വിപണന സ്റ്റാളുകൾ, പച്ചക്കറി തൈകളുടെ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
7. ഹരിതരശ്മി പദ്ധതിയിലൂടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടി വട്ടവടയിലെ കർഷകർ. കർഷകരെ ഇടനിലക്കാരിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പട്ടിക വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റാണ് പദ്ധതി നടപ്പിലാക്കുന്നത്. വിത്തും വളവും കർഷകർക്ക് സൗജന്യമായി നൽകിയാണ് കൃഷി ആരംഭിച്ചത്. വയനാട്ടിൽ നിന്നും 3000 കർഷകരും ഇടുക്കിയിൽ നിന്നും 1000 കർഷകരും പദ്ധതിയുടെ ഭാഗമായി. ഉരുളക്കിഴങ്ങ്, കാബേജ്, ബീൻസ്, കാരറ്റ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
8. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ കപ്പ കൃഷിയ്ക്ക് തുടക്കം. രണ്ടാം വാർഡിൽ സംഘടിപ്പിച്ച പരിപാടി കൃഷി നഗര സഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. അൻമ്പത് സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
9. കണ്ണൂർ ജില്ലയിലെ മുഴുവൻ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രചരണ ജാഥ നടത്തി കൃഷി വകുപ്പ്. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രചരണ ജാഥ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി സമാപിച്ചു.
10. ബഹ്റൈനിൽ കാർഷിക ചന്തയ്ക്ക് തുടക്കം. ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫാർമേഴ്സ് മാർക്കറ്റിൽ നിന്ന് ഗുണമേന്മയുള്ള പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. കാർഷിക മാർക്കറ്റിന്റെ ഉദ്ഘാടനം കൃഷിമന്ത്രി വാഇൻ ബിൻ നാസർ അൽ മുബാറക് നിർവഹിച്ചു. 321 കർഷകർ, നാല് കാർഷിക കമ്പനികൾ, അഞ്ച് നഴ്സറികൾ എന്നിവ ഇത്തവണ മാർക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചകളിലാണ് മാർക്കറ്റ് പ്രവർത്തിക്കുക.
11. മുംബൈയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരം മികച്ചതായി കണക്കാക്കപ്പെടുന്ന മുംബൈ, ഡൽഹിയിലെ മലിനീകരണ തോത് പല തവണ മറികടന്നതായാണ് റിപ്പോർട്ട്. വായു നിലവാര തോത് മെച്ചപ്പെടുത്താൻ പുതിയ കർമ പദ്ധതികൾ നടപ്പിലാക്കുകയാണ് ബിഎംസി. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും, വ്യവസായ മേഖലകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പാചക ആവശ്യങ്ങൾക്ക് വിറക്, കൽക്കരി എന്നിവയ്ക്ക് പകരം ഗ്യാസോ, ഇലക്ട്രിക് അവനുകളോ ഉപയോഗിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Share your comments