തയ്യാറാക്കിയത് - ഡോക്ടര്‍.ജി.ബൈജു,പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സിടിസിആര്‍ഐ,തിരുവനന്തപുരം ,email- byju_g@yahoo.com
കാലാവസ്ഥ വ്യതിയാനം(climate change) കൃഷിയെ സാരമായി ബാധിക്കുന്നു.വെള്ളപ്പൊക്കം,വരള്‍ച്ച,ഉയരുന്ന ചൂട് എന്നിവയാണ് നമ്മുടെ സംസ്ഥാനം കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നേരിട്ടുകൊണ്ടിരിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍. വെള്ളപ്പൊക്കത്തെപറ്റി നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. അടുത്ത വര്‍ഷങ്ങളിലായി നമ്മുടെ കാര്‍ഷികമേഖലയെ തളര്‍ത്തുന്ന രണ്ട് മുഖ്യകാര്യങ്ങള്‍ വരള്‍ച്ചയും ഉയരുന്ന വേനല്‍ചൂടുമാണ്. ഇത് രണ്ടും രണ്ടാണ്. ജലദൗര്‍ലഭ്യം മൂലം വിളകള്‍ക്കുണ്ടാകുന്ന ദോഷങ്ങളാണ് വരള്‍ച്ചയുടെ ആഘാതമെങ്കില്‍ അന്തരീക്ഷ താപനില മൂന്നും നാലും ഡിഗ്രി കൂടുന്നതുമൂലം ഉണ്ടാകുന്നതാണ് വേനല്‍ചൂട്.
2019 ല്‍ കേരളത്തില്‍ പെയ്ത മഴ 3119.3 മില്ലിലിറ്ററാണ്. ഇത് സംസ്ഥാനത്തെ സാധാരണ മഴയായ 2942.9 മില്ലിലിറ്ററിനേക്കാള്‍ 176.4 മില്ലി കൂടുതലാണ്. ഇടവപ്പാതിയും തുലാവര്‍ഷവും നോക്കിയാലും കൂടുതല്‍ മഴയാണ് നമുക്ക് ലഭിച്ചത്. എന്നാല്‍ ജനുവരി-ഫെബ്രുവരിയിലെ ശീതകാല മഴയും മാര്‍ച്ച്-ജൂണ്‍ കാലത്തെ വേനല്‍ക്കാല മഴയും വളരെ ഗണ്യമായി കുറഞ്ഞു. 2019 ല്‍ ശൈത്യകാല മഴയില്‍ 42 ശതമാനവും വേനല്‍ക്കാല മഴയില്‍ 55 ശതമാനവും കുറവനുഭവപ്പെട്ടു. 2020-ലെ ശൈത്യകാല മഴയില്‍ 57 ശതമാനം കുറവാണുണ്ടായത്. ജില്ല തിരിച്ചു നോക്കിയാല്‍ 12 ജില്ലകളില്‍ ഇത് 22 % മുതല്‍ 100 % വരെ കുറഞ്ഞതായി കാണാം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്.
തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ജനുവരി-ഫെബ്രുവരിയില്‍ മഴ ലഭിച്ചതേയില്ല. ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ചുമാസങ്ങളില്‍ മഴയിലുണ്ടാകുന്ന ഗൗരവമേറിയ കുറവാണ് സംസ്ഥാനത്ത് വരള്‍ച്ചയും ഉയരുന്ന വേനല്‍ച്ചൂടും ഉണ്ടാക്കുന്നത്. മറ്റൊരു മുഖ്യകാരണം മഴദിനങ്ങളിലുണ്ടാകുന്ന കുറവാണ്. നമ്മുടെ സംസ്ഥാനത്ത് മഴ പെയ്യുന്നത് 120-130 ദിവസം മാത്രമാണ്. മൂവായിരത്തിലധികം മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും മഴദിനങ്ങളുടെ എണ്ണം കുറയുന്നു. പല ദിവസവും അതിശക്തമായ മഴ പെയ്യുന്നു എന്നര്‍ത്ഥം. ഇതിലധികഭാഗവും കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന സംസ്ഥാനമായതിനാല്‍ അറബിക്കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു.
ഉയരുന്ന വേനല്‍ചൂട്
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കേരളത്തില്‍ പലയിടത്തും ഉയര്‍ന്ന താപനില രണ്ട്-മൂന്ന് ഡിഗ്രിവരെ കൂടുന്നു. പുനലൂര്‍ 39 ഡിഗ്രിവരെ രേഖപ്പെടുത്തിക്കഴിഞ്ഞു. വേനല്‍ക്കാലത്ത് മഴ കുറഞ്ഞതു കാരണം അന്തരീക്ഷത്തിലെ കാര്‍മേഘങ്ങളുടെ അളവ് കുറഞ്ഞു. കൂടാതെ ഈ സമയത്ത് സൂര്യരശ്മികള്‍ കുത്തനെയാണ് ഭൂമിയില്‍ പതിക്കുന്നത്, പ്രത്യേകിച്ച് ഉച്ചസമയത്ത്.ഇതെല്ലാം കാരണം ,ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍(ultra-violet rays) കൂടിയ തോതില്‍ ഭൂമിയിലെത്തുന്നു. താപനില ഉയരുന്നതിനുള്ള ഒരു മുഖ്യകാരണം ഇതാണ്.
താപനില 2-3 ഡിഗ്രി കൂടിയാല്‍ അത് ചെടികളുടെ ഉപാപചയ (metabolic)പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ചെടി പൂവിടുന്നതിനെയും കായ പിടിക്കുന്നതിനെയും ദോഷകരമായി ബാധിക്കും. വളര്‍ച്ച മുരടിക്കും. പോഷകമൂലകങ്ങള്‍ വലിച്ചെടുത്ത് ,ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കും. പല എന്‍സൈമുകളുടെയും(enzymes) പ്രവര്‍ത്തനം കുറയും. അന്തരീക്ഷ താപനില ഉയരുമ്പോള്‍ മണ്ണിലെ താപനില അതിലും കൂടുതല്‍ ഉയരുമെന്നതിനാല്‍ അത് വേരുകളുടെ വളര്‍ച്ച തടസപ്പെടുത്തും. താപനില 46 ഡിഗ്രിക്ക് മുകളിലുയര്‍ന്നാല്‍ ചെടികള്‍ കരിഞ്ഞുണങ്ങും.
വരള്‍ച്ചയെയും ഉയരുന്ന താപനിലയെയും നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍
വരള്‍ച്ചയും ഉയരുന്ന വേനല്‍ചൂടും കാര്‍ഷികോത്പ്പാദനത്തെ സാരമായി ബാധിക്കുന്നതുവഴി അത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. കൃഷി ബന്ധിത വ്യവസായ മേഖലയും തകര്‍ച്ചയിലാവും. ഇതിനെല്ലാമുപരി, പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കും. ഭൂഗര്‍ഭ ജലനിരപ്പ് താഴും. റിസര്‍വോയറുകളിലെയും തടാകങ്ങളിലെയും മറ്റെല്ലാ ജലസ്രോതസുകളിലെയും ജലനിരപ്പ് താഴും. വനസാന്ദ്രത കുറയുകയും മനുഷ്യനും മൃഗങ്ങളും തമ്മിലുളള തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഇത് ബാധിക്കുമെന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
1. നിലം ഒരുക്കലും ഉഴവും
വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിട്ടാല്‍ ,കിട്ടുന്ന വേനല്‍മഴയില്‍ നിന്നുള്ള ജലം മണ്ണില്‍ തങ്ങിനില്‍ക്കും. സംസ്ഥാനത്ത് ഏഴുലക്ഷം ഹെക്ടര്‍ കൃഷി ചെയ്യുന്ന തെങ്ങിന്‍തോപ്പില്‍ വേനല്‍കാല ഉഴവ് ഉത്തമമാണ്. ചരിവുള്ള സ്ഥലങ്ങളില്‍ നിലം ഒരുക്കുമ്പോള്‍ ചരിവിന് കുറുകെ വാരവും ചാലും എടുത്തുള്ള രീതി അവലംബിക്കണം.
2. മണ്ണിനെ പുതപ്പിക്കുക
ലഭ്യമായ ഈര്‍പ്പം മണ്ണില്‍ നിലനിറുത്തുന്നതിനും ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയുന്നതിനും മണ്ണിന് ആവരണം നല്‍കണം. വിള അവശിഷ്ടങ്ങള്‍,തെങ്ങോല,തൊണ്ട് എന്നിവയൊക്കെ കൊണ്ടുള്ള ജൈവ പുതയിടല്‍ ഉത്തമമാണ്. വേനല്‍ക്കാലത്ത് ഒരു കാരണവശാലും ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത്. ഉച്ചകഴിഞ്ഞ സമയത്ത് മണ്ണിന്റെ താപനില ഉയരുമെന്നതിനാല്‍ ചേനയൊക്കെ നടുന്ന സമയമായതിനാല്‍ നട്ട ശേഷം നല്ലരീതിയില്‍ പുതയിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെങ്ങിന്‍ തോപ്പുകളില്‍ തൊണ്ട് കമഴ്ത്തി അടുക്കണം. വേനല്‍ മഴ ലഭിക്കുമ്പോള്‍ തോട്ടം ഉഴുതുമറിച്ച് പയറുവിത്ത് വിതയ്ക്കണം. വാഴയ്ക്കാണെങ്കില്‍ കരിയില ,മറ്റു ജൈവാവശിഷ്ടങ്ങള്‍ എന്നിവകൊണ്ട് പുതയിടണം. കമുക്,കുരുമുളക്,ജാതി,പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ക്കെല്ലാം തന്നെ പ്രാദേശികമായി ലഭ്യമാകുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പുതയിടണം.
3. മഴവെള്ള സംഭരണം
ഓരോ ദിവസവും ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് ശരാശരി എട്ടു ലിറ്റര്‍ വെളളം ലഭിക്കുന്ന നമ്മുടെ സംസ്ഥാനത്ത് മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ ഒരു പരിധിവരെ തടയാനാകും. ലഭിക്കുന്ന വെള്ളം മണ്ണിന്റെ ഉപരിതലത്തിലൂടെ ഒഴുകി നഷ്ടപ്പെടാതെ മണ്ണിലേക്കൂര്‍ന്നിറങ്ങുന്നതിനായുള്ള ജല-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. തടയണകള്‍,കുളങ്ങള്‍ ,മഴക്കുഴികള്‍ എന്നിവ ശാസ്ത്രീയമായി ശുപാര്‍ശ ചെയ്തിരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കണം. ചരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണുസംരക്ഷണ പ്രവര്‍ത്തനം നടത്തണം. കോണ്ടൂര്‍ കൃഷി,ഇടവരികൃഷി,ആവരണ വിള,ജൈവവേലി എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. മണ്ണ്-ജലസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് രാമച്ചം. ശീമക്കൊന്ന,മുരിക്ക്,വേലിച്ചീര,വേലിപ്പത്തല്‍,കൈത,മുള, കടലാവണക്ക്,പുല്ലുകള്‍ എന്നിവയെല്ലാം ജൈവവേലിക്ക് (bio fencing) അനുയോജ്യമാണ്.
കല്ലുകയ്യാല,മണ്‍കയ്യാല,തട്ടുതിരിക്കല്‍ എന്നിവയും മണ്ണ് -ജലസംരക്ഷണത്തിന് സഹായിക്കും. മണ്ണ് കയ്യാല ആണെങ്കില്‍ അതിന് മുകളിലായി പുല്ല്,രാമച്ചം,കൈത എന്നിവ നട്ടുപിടിപ്പിക്കണം. മഴക്കുഴികളെടുക്കുമ്പോള്‍ ചരിവിന് കുറുകെ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഒരു ഹെക്ടറില്‍ 100-200 എണ്ണത്തിലധികമാകാതിരിക്കാനും ശ്രദ്ധിക്കണം.മേല്‍ക്കൂര ജലസംഭരണവും അത് കിണറ്റിലേക്കോ മണ്ണിലേക്കോ ഇറക്കി വിടുന്നതും നഷ്ടപ്പെടുത്തുന്ന മഴവെള്ളത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗമാണ്. എല്ലാ പരമ്പരാഗത ജലസ്രോതസുകളും പുനരുദ്ധരിക്കണം.
4. സൂക്ഷ്മ ജലസേചനം( Micro irrigation)
എല്ലാ വിളകള്‍ക്കും സൂക്ഷ്മജലസേചന രീതികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഓരോ വിളയ്ക്കും ശാസ്ത്രീയമായി ശുപാര്‍ശ ചെയ്തിരിക്കുന്ന രീതിയില്‍ സൂക്ഷ്മജലസേചനം നടത്തണം. മൈക്രോ സ്പ്രിങ്ക്‌ളര്‍ (micro sprinkler)തുടങ്ങിയവ വൈകുന്നേരങ്ങളില്‍ വേണം പ്രവര്‍ത്തിപ്പിക്കാന്‍. തെങ്ങിനാണെങ്കില്‍ കണിക ജലസേചനം ഒരു ദിവസം 30-40 ലിറ്ററും വാഴയ്ക്കാണെങ്കില്‍ 12 ലിറ്ററും കമുകിനാണെങ്കില്‍ 15-20 ലിറ്ററുമായി പരിമിതപ്പെടുത്തണം. വൃക്ഷത്തൈകള്‍ക്കാണെങ്കില്‍ മണ്‍കുടം പോലുള്ള പല നാടന്‍ രീതികളും അവലംബിക്കാം. മണ്‍കുടത്തിന്റെ അടിഭാഗത്ത് സുഷിരമിട്ട് ,തിരി കടത്തിവച്ച് വെള്ളം നിറച്ച് തൈകളുടെ തടങ്ങളില്‍ വയ്ക്കണം. തൈകള്‍ക്ക് തെങ്ങോല വച്ച് തണലുകൂടി നല്‍കുന്നത് ഉത്തമം.
5. പ്രതിരോധ ഇനങ്ങളും വിള സമ്പ്രദായങ്ങളും
വരള്‍ച്ചയെയും ഉയര്‍ന്ന ചൂടിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനങ്ങള്‍ പല വിളകളിലും ലഭ്യമാണ്. ഉദാഹരണമായി, ശ്രീരക്ഷ(sreeraksha) എന്ന പുതിയ ഇനം മരച്ചീനി ,വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ളതാണ്. ഇത്തരം ഇനങ്ങളെ കൂടാതെ കര്‍ഷകരുടെ പല തനത് ഇനങ്ങള്‍ക്കും പ്രതിരോധശേഷി കൂടുതലാണ്. കിഴങ്ങുവര്‍ഗ്ഗ വിളകള്‍,പയറുവര്‍ഗ്ഗ വിളകള്‍,ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് വരള്‍ച്ചയെയും ഉയര്‍ന്ന താപനിലയെയും ചെറുക്കാന്‍ കൂടുതല്‍ ശേഷിയുണ്ട്. ഇവയെയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംയോജിത വിള സമ്പ്രദായം ഓരോ പ്രദേശത്തിനും യോജിച്ച തരത്തില്‍ പ്രയോഗത്തിലാക്കണം. ഇത്തരം ഇനങ്ങളുടെ വിത്തുബാങ്കും അത് ലഭിക്കുന്ന വിത്തുഗ്രാമങ്ങളും വികസിപ്പിച്ചെടുക്കണം.
6. കുമ്മായം പൂശല്‍
തെങ്ങ്, കമുക് തുടങ്ങിയ തോട്ടവിളകളില്‍ വേനല്‍ക്കാലത്ത് തടിയില്‍ ചുവടുഭാഗത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ കുമ്മായം പൂശണം
7. വളപ്രയോഗം
8. കീട-രോഗ നിയന്ത്രണം
വരള്‍ച്ചയിലും വേനല്‍ചൂടിലും പല വിളകളിലും കീട-രോഗബാധ കൂടുന്നു. നെല്ലിന്റെ കാര്യത്തില്‍ മുഞ്ഞയും ബാക്ടീരിയല്‍ ഇല കരിച്ചിലും സാധാരണമാണ്. മുഞ്ഞയ്ക്ക് വിളക്കുകെണിയും ബാക്ടീരിയല്‍ ഇലകരിച്ചിലിന് സ്യൂഡൊമോണാസ്(psuedomonas) തളിക്കുന്നതും ഉത്തമം. 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്ററില്‍ കലക്കിയതിന്റെ തെളിയൂറ്റി അതില്‍ 20 ഗ്രാം സ്യൂഡൊമോണാസ് കലക്കിവേണം തളിക്കാന്‍.
തെങ്ങില്‍ പ്രധാനമായും വെള്ളീച്ചയുടെ ആക്രമണം കൂടും. 20 മില്ലി ഒരു ലിറ്ററില്‍ കലക്കിയ വേപ്പെണ്ണ ഇമള്‍ഷന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. തീരദേശത്തെ തെങ്ങുകളില്‍ തെങ്ങോലപുഴുവിന്റെ ആക്രമണം കൂടിയാല്‍ ഗോണിയോസസ് എന്ന പരാദത്തെ ഒരു തെങ്ങിന് പത്തെണ്ണം എന്ന കണക്കിന് പുറത്തുവിടണം. ഇലപ്പേന്‍, മണ്ഡരി എന്നിവയുടെ ആക്രമണം വാഴയില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇലപ്പേനിനെതിരെ ഹോര്‍ട്ടികള്‍ച്ചര്‍ മിനറല്‍ ഓയില്‍(horticulture mineral oil) 25 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇലയുടെ അടിഭാഗത്ത് തളിക്കണം. മണ്ഡരിക്കെതിരെ വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്പ്രേ ചെയ്യാം.
ജാതിയില്‍ വേനല്‍ക്കാലത്ത് കായ കൊഴിച്ചിലും കൊമ്പുണങ്ങലും കാണാറുണ്ട്. രോഗബാധയുള്ള കായും ഇലകളും നശിപ്പിക്കണം. ഉണങ്ങിയ കൊമ്പുകള്‍ വെട്ടിമാറ്റണം. ചാണകത്തെളിയില്‍ സ്യൂഡൊമോണാസ് കലക്കി തളിക്കുന്നത് ഉത്തമമാണ്. ജാതിയില്‍ കരിംപൂപ്പല്‍ ഉണ്ടാകുന്നെങ്കില്‍ കഞ്ഞിവെള്ളം സ്പ്രേ ചെയ്താല്‍ മതി. പച്ചക്കറികളില്‍ വേനല്‍ക്കാലത്ത് നീരൂറ്റി കുടിക്കുന്ന വെള്ളീച്ച,മീലിമുട്ട,ഇലപ്പേന്‍,പച്ചത്തുള്ളന്‍,മുഞ്ഞ ഇവയുടെയൊക്കെ ആക്രമണം രൂക്ഷമാകാം. മഞ്ഞക്കെണി വച്ച് മുഞ്ഞയെയും വെള്ളീച്ചയേയും നിയന്ത്രിക്കാം. രണ്ടാഴ്ചയിലൊരിക്കല്‍ രണ്ട് ശതമാനം വേപ്പെണ്ണ ഇമല്‍ഷന്‍ തളിക്കണം.
9. വിള ഇന്‍ഷുറന്‍സ്
പ്രകൃതിദുരന്തങ്ങള്‍ക്കെതിരെ പല വിളകള്‍ക്കും വിള ഇന്‍ഷുറന്‍സ് സൗകര്യമുണ്ട്. കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം
10. കാര്‍ഷിക കാലാവസ്ഥ ഉപദേശക ബുള്ളറ്റിനുകള്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലയും മറ്റു പല സ്ഥാപനങ്ങളും കാലാവസ്ഥ ഉപദേശക ബുള്ളറ്റിനുകള്‍ പുറത്തിറക്കുന്നുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല ഓരോ അഞ്ച് ദിവസത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ല തിരിച്ച് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം, ഓരോ വിളകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ദിവസവും കാലാവസ്ഥ വ്യതിയാനത്തിനെടുക്കേണ്ട മുന്‍കരുതലുകള്‍ അവരുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നു. തിരുവനന്തപുരത്തുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാലാവസ്ഥ പ്രവചനങ്ങളും മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കാലാവസ്ഥയെ അടിസ്ഥാനമാക്കി ക്രമീകരിക്കേണ്ട കാര്‍ഷിക പ്രവര്‍ത്തികളറിയാന്‍ കേന്ദ്രസര്‍ക്കാര്‍ മേഘദൂത് എന്നൊരു മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം ഇന്നൊരു മിഥ്യയല്ല. അതൊരു സത്യമാണെന്ന് അറിയാത്തവരാരുമില്ല. പ്രകൃതി വിഭവങ്ങള്‍ മനുഷ്യര്‍ ആര്‍ത്തിയോടെ ദുരുപയോഗപ്പെടുത്തിയതിന്റെ അനന്തരഫലമാണിതെന്നും നമുക്കറിയാം. ആയതിനാല്‍ ആവശ്യമായ തോതില്‍ മാത്രം പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്ന ഒരു സുസ്ഥിരവികസന പാത ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം പാലിച്ചാല്‍ ഇത്തരം ദുരന്തങ്ങളെ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കും. മനോഹരമായ ഈ ഭൂമിയെ നമ്മുടെ പിന്‍തലമുറയ്ക്ക് നമുക്ക് ലഭിച്ചതിനേക്കാള്‍ മനോഹരമായി കൈമാറാന്‍ നമുക്കൊന്നിച്ച് പരിശ്രമിക്കാം.
Share your comments