സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെന്നു കരുതുന്നവരെ കൂടി കുഴപ്പത്തിലാക്കുന്ന സമയമാണിത്. അതിനാൽ തന്നെ മിക്കവരും ആശ്രയിക്കുന്നത് വായ്പകളെയാണ്.
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, സ്വര്‍ണ വായ്പകള്‍ തുടങ്ങിയ വായ്പകളെയാണ് പലരും ആശ്രയിച്ചത്. എന്നാല്‍ വരുമാനം വലിയ അളവില്‍ കുറയുന്ന പ്രതിസന്ധി കാലങ്ങളില്‍ ഇത്തരം വായ്പാ തിരിച്ചടവുകള്‍ കൃത്യമായി നടക്കണം എന്നില്ല. ഇങ്ങനെ തിരിച്ചടവുകള്‍ മുടങ്ങുന്നത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുവാന്‍ സാധ്യതയുണ്ട്.
തിരിച്ചടവ് മാറ്റിവയ്ക്കുകയും കൈയ്യില്‍ ഒരു വലിയ തുക എത്തുമ്പോള്‍ തിരിച്ചടയ്ക്കാം എന്നുമുള്ള കാഴ്ചപ്പാടുകള്‍ നല്ല ഒരു രീതിയല്ല. ഇങ്ങനെ പല വായ്പകളുമായി ജീവിക്കുമ്പോള്‍ പലപ്പോഴും തിരിച്ചടവ് വിചാരിച്ചത് പോലെ നടക്കണമെന്നില്ല. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ നയിക്കും. ക്രെഡിറ്റ് സ്‌കോര്‍ കുത്തനെ ഇടിയുവാനും ഇത് കാരണമാകും. വായ്പാ തിരിച്ചടവിന്റെ മുഖ്യ മാനദണ്ഡം പലിശ നിരക്ക് ആയിരിക്കണം. ആ മുന്‍ഗണനാ ക്രമത്തില്‍ ആയിരിക്കണം വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടത്.
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍
പലിശ നിരക്ക് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന വായ്പകളാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. 36 ശതമാനത്തിന് മുകളിലാണ് ക്രെഡിറ്റ് കാര്‍ഡുകളിലെ വായ്പ്പകളുടെ പലിശ നിരക്ക്. അതിനാല്‍ത്തന്നെ തിരിച്ചടവില്‍ പ്രഥമ പരിഗണന നല്‍കേണ്ടതും ഈ വായ്പയ്ക്കായിരിക്കണം. വൈകുന്തോറും പലിശ ഇനത്തില്‍ നമ്മുടെ കൈയ്യില്‍ നിന്നും വലിയ തുക ചോര്‍ന്നു പോകുന്നുണ്ട് എന്നത് എപ്പോഴും ഓര്‍മയില്‍ വയ്ക്കണം. സാധാരണ നിലയില്‍ 40 മുതല്‍ 55 ദിവസം വരെ പലിശിയില്ലാതെ ലഭിക്കുന്ന വായ്പ എന്ന നിലയില്‍ അത്യാവശ്യം കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്ലതാണ്. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വലിയ ബാധ്യതയാവും ഫലം.
സ്വര്‍ണ വായ്പകള്‍
ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പയാണ് സ്വര്‍ണവായ്പകള്‍. പൊതു മേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ 7-8 ശതമാനം നിരക്കിലാണ് സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നത്. അതേസമയം പല സ്വകാര്യ സ്വര്‍ണപണയ സ്ഥാപനങ്ങളുടെ പലിശ നിരക്ക് 12 ശതമാനത്തോളമാണ്. ഗ്രാമിന് ആവശ്യപ്പെട്ട തുകയനുസരിച്ച് ഇത് 20 ശതമാനം വരെ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലിശ നിരക്കനുസരിച്ച് വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മില്‍ താരതമ്യം ചെയ്ത് വേണം ബാധ്യത തീര്‍ക്കാന്‍.
വാഹന വായ്പ
വാഹനവായ്പ പലിശ നിരക്ക് 8-8.5 ശതമാനത്തിലാണ് എന്നതിനാല്‍ തിരിച്ചടവില്‍ അടുത്ത പരിഗണന ഇതിന് നല്‍കാം. വാഹന വായ്പകള്‍ സാധാരണ നിലയില്‍ 5-7 വര്‍ഷം കാലാവധിയുള്ളതാണ്. ഒരിക്കല്‍ അടവ് തീര്‍ന്നു കഴിഞ്ഞാല്‍ പേഴ്സണല്‍, ക്രെഡിറ്റ് കാര്‍ഡ്, പണയ വായ്പകള്‍ നിലവിലുണ്ടെങ്കില്‍ ഇത് അടച്ച് തീര്‍ന്നിട്ട് മാത്രമേ വാഹനം പുതുതായി മാറ്റി വാങ്ങുന്ന കാര്യം പരിഗണിക്കാന്‍ പാടുള്ളൂ.
ഭവനവായ്പ
പലിശ നിരക്ക് താരതമ്യേന കുറവുള്ളതും ആദായ നികുതി ഒഴിവ് ലഭിക്കുന്നതിനാലും അവസാനം മാത്രം തിരിച്ചടവിന് പരിഗണിക്കേണ്ടതാണ് ഭവന വായ്പ. എന്നാല്‍ ഇഎംഐ അടവില്‍ വീഴ്ച വരുത്തരുത്.
കൈയ്യില്‍ പണം വരുന്ന സമയത്ത് മുതലിലേക്ക് തിരിച്ചടവ് നടത്തിയാല്‍ വലിയ തുക പലിശ നിരക്കില്‍ ലാഭിക്കുവാന്‍ സാധിക്കും.
Share your comments