വൈപ്പിൻ: സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നായരമ്പലം ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നതിന് ചേർന്ന ആലോചനയോഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. തീരദേശ മത്സ്യത്തൊഴിലാളികൾക്ക് പരമാവധി സാമ്പത്തിക, സാമൂഹിക നേട്ടം ഉണ്ടാക്കുന്നതാണ് ഏഴര കോടി രൂപയുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. തുകയിൽ 60% കേന്ദ്രത്തിന്റെയും ബാക്കി സംസ്ഥാനത്തിന്റെയും വിഹിതമാണ്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കുക.
ഗ്രാമീണ മത്സ്യത്തൊഴിലാളികൾക്ക് പദ്ധതി ആധുനിക അവസരങ്ങളും അനുകൂല അന്തരീക്ഷവും സൃഷ്‌ടിക്കും. പരമ്പരാഗത മത്സ്യബന്ധന രീതികൾ നിലനിർത്തിക്കൊണ്ടുതന്നെ സുസ്ഥിര, പരിസ്ഥിതി സൗഹൃദ മത്സ്യബന്ധന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക, തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് സുസ്ഥിര ഉപജീവന മാർഗം ലഭ്യമാക്കുക, ഗ്രാമീണ വികസവും ഭക്ഷ്യ സംസ്‌കരണവും ഇക്കോ ടൂറിസവും ഉൾപ്പെടെ മേഖലകളുടെ പ്രോത്സാഹനത്തിന് സാഹചര്യമൊരുക്കുക എന്നിവയും പദ്ധതി ലക്‌ഷ്യം വയ്ക്കുന്നുണ്ടെന്നും ഇതിനെല്ലാം പ്രയോജനപ്പെടുംവിധമാണ് പദ്ധതി ആവിഷ്‌കാരം ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ജയശ്രീയും അസിസ്റ്റന്റ് ഡയറക്‌ടർ പി അനീഷും പദ്ധതി വിശദീകരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, അംഗങ്ങളായ ഇ പി ഷിബു, അഗസ്റ്റിൻ മണ്ടോത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, ഞാറക്കൽ മത്സ്യഭവൻ ഓഫീസർ സീതാലക്ഷ്‌മി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളും തീരദേശ വികസന കോർപ്പറേഷൻ, മത്സ്യഫെഡ്, സാഫ്, ക്ഷേമനിധി ബോർഡ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ഡിസാസ്റ്റർ മാനേജ്‌മെന്റ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ പ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾ, മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Share your comments