കൈപ്പാട് നെൽകൃഷിക്ക് യന്ത്ര സഹായം എന്ന സ്വപനം യാഥാർഥ്യമാകുന്നു. കൈപ്പാട് നെൽകൃഷി മേഖലയിൽ യന്ത്രവൽക്കരണം യാഥാർഥ്യമാകുന്നു. മലബാറിലെ പരമ്പരാഗതമായി കൈപ്പാട് കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അരിയാണ് കൈപ്പാട് അരി. ഈ അരിക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട് കടലിനോടോ പുഴയോടോ ചേർന്നുള്ള ഉപ്പുരസമുള്ള ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിയ്ക്കാൻ കഴിവുള്ള നെല്ലിനങ്ങൾ മാത്രമേ ഇവിടെ കൃഷിചെയ്യാൻ സാധിക്കൂ. ജൈവരീതിയിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. നിലങ്ങളിലെ ആവാസവ്യവസ്ഥയെ ഈ കൃഷിരീതി വളരെ സ്വാധീനിക്കുന്നുണ്ട്. വർഷത്തിൽ ഒറ്റത്തവണയുള്ള നെൽകൃഷി ജൂൺ മുതൽ ഒക്ടോബർ വരെയാണ്. നവംബറിൽ കൊയ്ത്ത്. ശേഷം മത്സ്യകൃഷിയ്ക്കായി നിലം ഉപയോഗിക്കുന്നു. ഏപ്രിലിൽ മത്സ്യങ്ങളെ വിളവെടുത്ത ശേഷം വീണ്ടും നെൽകൃഷി ചെയ്യുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്ജില്ലകളിലാണ് കൈപ്പാട് നെല്കൃഷിയുള്ളത്.
സ്വീഡനിൽ നിന്നും ഇറക്കുമതിചെയ്ത യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ കാട്ടാമ്പള്ളി കൈപ്പാട് നെൽകൃഷി ഭൂമിയിൽ ഇറക്കിയത് . മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഒരു കോടി രൂപ മുതൽ മുടക്കിലാണ് ആംഫിബിയൻ ട്രക്സർ എന്ന യന്ത്രം
ജില്ലയിൽ എത്തിയത്. കൃഷിക്കായി മണ്ണ് കൂനകൂട്ടി ഇടുകയും ഇടവപ്പാതിയിൽ വെള്ളത്തിൽ മണ്ണിലെ ഉപ്പുവെള്ളം പോകുകയും ചെയ്യന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് .വിത്ത് വിതയ്ക്കുന്നതും ഈ കൂനകളിൽ തന്നെയാണ് . യന്ത്രം മണ്ണ് കൂനകൂട്ടുന്നത് നേരിട്ട് കാണാൻ കർഷകർക്ക് അവസരവും ഒരുക്കിയിട്ടുണ്ട് ഇവിടെ. പീലിക്കോട് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, വെള്ളയാണി ആർടിടിസി, കൃഷി വകുപ്പിന്റെ സംസ്ഥാനതല എൻജിനീയറിങ് വകുപ്പ് എന്നിവയുടെ സഹകരണതോടെയാണ് യന്ത്രവൽക്കരണം യാഥാർഥ്യമാകുന്നത്.
Share your comments